തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ജീവനക്കാർ നടത്തുന്ന സമരം രാഷ്‌ട്രീയ പ്രേരിതമാണ്. സമരം ചെയ്യാത്ത സിഐടിയുവിന്‍റെ നിലപാടാണ് പക്വമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ പിടിപ്പുകേടു കൊണ്ടല്ല ശമ്പളം വൈകുന്നത്. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാവില്ല. സർക്കാരിന്‍റെ നിലപാടിൽ മാറ്റമില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ വരവും ചെലവും നോക്കുന്നത് സർക്കാരല്ല. മാനേജ്മെന്‍റാണ്. മാനേജ്മെന്‍റും യൂണിയനുകളും ചർച്ച ചെയ്ത് ശമ്പള കാര്യം പരിഹരിക്കട്ടെ. സമരം ചെയ്യുന്നതിന് താൻ എതിരല്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടാണ് എതിർപ്പ്. ഇത്തരം സാഹചര്യങ്ങളിൽ കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. അപക്വമായ രീതിയിൽ പണിമുടക്കു നടത്തി കെ.എസ്.ആർ.ടിക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.