തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വിഫ്റ്റിനെതിരെയുള്ള പ്രചരണങ്ങള്‍ വ്യാജമാണ്. സർക്കാർ പറഞ്ഞ കാര്യങ്ങൾ ശരി വെയ്ക്കുന്നതാണ് ഹൈക്കോടതി വിധി. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിന് സ്വിഫ്റ്റ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സ്വിഫ്റ്റ്, കെഎസ്ആർടിസിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും ഒരു വിഭാഗം ഇതിനെ സ്വകാര്യ വത്കരിക്കുന്നുവെന്നും സ്വതന്ത്ര കമ്പനിയെന്നുമുള്ള പ്രചണങ്ങൾ നടത്തുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായത്. പുറത്ത് നിന്നും വാടകയ്ക്ക് എടുക്കുന്നത് പോലെ കെഎസ്ആർടിസിയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റിലെ വാഹനങ്ങളും വാടകയ്ക്കാണ് എടുക്കുന്നത്.
ചിലവ് കുറച്ച് സർവീസ് നടത്തുന്നു. കിട്ടുന്ന വരുമാനം എല്ലാം കെഎസ്ആർടിസി അക്കൗണ്ടിലേക്ക് അടയ്ക്കും. ഇങ്ങനെ എല്ലാത്തരത്തിലും കെഎസ്ആർടിസിക്ക് സഹായം നൽകുമ്പോൾ സ്വകാര്യ കമ്പനിയാണെന്നും, കെഎസ്ആർടിസിയെ തകർക്കാൻ വേണ്ടിയെന്നും വ്യാപകമായ പ്രചാരണം ആണ് നടത്തി വന്നത്. കോടതി വിധി വന്നതോടെ ഇനിയെങ്കിലും വ്യാജ പ്രചാരണം നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ശമ്പള ബിൽ വർധിക്കാൻ പാടില്ല. 98 കോടി രൂപ ശമ്പളവും, അടിക്കടി വിലവർധിക്കുന്ന ഇന്ധനവിലയും ആകുമ്പോൾ താങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ശമ്പള ബിൽ കുറയ്ക്കണം. ഉയർന്ന ഉൽപ്പാദന ക്ഷമത ഉണ്ടാക്കണം, സേവന വേതനങ്ങളും എല്ലാ ആനുകൂല്യങ്ങളും പഴയപോലെ നൽകിക്കഴിഞ്ഞാൽ കെഎസ്ആർടിസിക്ക് നിലനിൽപ് ഉണ്ടാകില്ല എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ തള്ളിയത്. കോൺഗ്രസ് , ബിജെപി അനുകൂല യൂണിയനുകളാണ് കെ സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂണിയനുകൾ സമർപ്പിച്ച 8 ഹർജികളും തള്ളിയ കോടതി കെ സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു.
സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.