തിരുവനന്തപുരം : കോൺഗ്രസ് തീരദേശത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു. മുതലപ്പൊഴി വിഷയത്തിൽ സംസാരിച്ച ആന്‍റണി രാജു, സമരത്തിന് ആഹ്വാനം ചെയ്‌തത് ലത്തീൻ സഭ അല്ലെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ എന്ന സാമുദായിക സംഘടനയാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കേരള ലാറ്റിൻ കോൺഗ്രസ് അസോസിയേഷനായി മാറി.
കോൺഗ്രസുകാരാണ് ഈ സംഘടനയുടെ നേതൃത്വത്തിലുള്ളത്. ആളുകളെ ചൂഷണം ചെയ്‌ത് സംഘർഷം ഉണ്ടാക്കി വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. തീരദേശ ജനതയെ സർക്കാരിനെതിരെ തിരിക്കാൻ കോൺഗ്രസ് ബോധപൂർവമായി ശ്രമിക്കുകയാണ്.
സമുദായ സംഘടനയെ രാഷ്‌ട്രീയമായി ഉപയോഗിച്ചാൽ ജനം അത് തള്ളിക്കളയും. പ്രതിപക്ഷ നേതാവ് ആളുകളെ ഇളക്കി വിടാൻ ശ്രമിച്ചു. സതീശൻ മുതലപ്പൊഴിയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അവിടേക്ക് തിരിച്ചിട്ടും പ്രതിഷേധം ഭയന്ന് മടങ്ങി പോകുകയായിരുന്നു.
കോൺഗ്രസ് ശ്രമം പ്രശ്‌നമുണ്ടാക്കി വോട്ട് നേടൽ : തീരപ്രദേശത്ത് വികസനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി തീരദേശത്ത് കോൺഗ്രസിന് വിജയിക്കാൻ കഴിയുന്നില്ല. പ്രശ്‌നമുണ്ടാക്കി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമം. അതേസമയം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരായ കേസ് നിയമത്തിന്‍റെ വഴിക്ക് പോട്ടെയെന്നും പൊലീസ് അന്വേഷണം പൂർത്തിയായ ശേഷമേ എന്ത് തീരുമാനം സ്വീകരിക്കാൻ കഴിയും എന്ന് പറയാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രെഡ്‌ജിംഗ് കരാറുകാർക്കെതിരെയും വിമർശനം : മുതലപ്പൊഴിയിലെ അശാസ്‌ത്രീയ നിർമാണം നടന്നത് ഏത് സർക്കാരിൻ്റെ കാലത്താണ് എന്ന് എല്ലാവർക്കും അറിയാമെന്ന പറഞ്ഞ മന്ത്രി ഡ്രെഡ്‌ജിംഗ് കരാറുകാർക്കെതിരെയും വിമർശനം ഉന്നയിച്ചു. മണൽ കൃത്യമായ സമയത്ത് മാറ്റിയില്ല. കാര്യപ്രാപ്‌തിയുള്ളവരെ നിയോഗിക്കണമെന്ന് ഫിഷറീസ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌ആർടിസിയിലെ ശമ്പള പ്രതിസന്ധിയിലും പ്രതികരണം : ധനവകുപ്പ് പണം അനുവദിക്കാത്തതാണ് ശമ്പളം വൈകാൻ കാരണമെന്ന് ആന്‍റണി രാജു പറഞ്ഞു. ഇന്ന് പണം അനുവദിക്കും എന്നാണ് കരുതുന്നത്. ആകെ കിട്ടേണ്ട 110 കോടിയിൽ ധനവകുപ്പ് അനുവദിച്ചത് വെറും 30 കോടി രൂപയാണ്.
ഈ തുക ഇതുവരെ കിട്ടിയില്ല. ആദ്യ ഘട്ട ശമ്പള വിതരണം നടത്തണമെങ്കിൽ ഈ തുക ലഭിക്കണം. ഇനി 40 കോടി കൂടി കിട്ടിയാലേ രണ്ടാം ഘട്ട വിതരണം നടത്താൻ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.