തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ വിമര്‍ശിച്ച ടോമിന്‍ തച്ചങ്കരിക്ക് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ടോമിൻ തച്ചങ്കരി കഥ അറിയാതെ ആട്ടം കാണരുതെന്ന് മന്ത്രി. കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന് ബിസിനസ് അറിയില്ലെന്ന പരാമര്‍ശത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടോമിന്‍ തച്ചങ്കരി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
''അദ്ദേഹത്തിന്‍റെ കാലത്ത് ഡീസല്‍ പോലുള്ളവയുടെ പണം അടയ്‌ക്കാതെ അത്തരം പണം എടുത്ത് ശമ്പളം നല്‍കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അന്ന് ഇത്തരം പണം ഉപയോഗിച്ച് ശമ്പളം നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതില്ലെന്നും മന്ത്രി പറഞ്ഞു. എന്തോ മഹാകൃത്യം ചെയ്‌തുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ടോമിന്‍ തച്ചങ്കരിയുടേതെന്നും അതൊന്നും ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെയൊരു സാമ്പത്തിക പ്രതിസന്ധി വരുത്തി തീര്‍ക്കാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ അത് തീര്‍ക്കുകയെന്നതാണ് പ്രയാസമെന്നും വളരെ കുറഞ്ഞ കാലം മാത്രമാണ് അദ്ദേഹം എംഡി സ്ഥാനത്ത് ഇരുന്നിട്ടുള്ളൂവെന്നും'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
''ജീവനക്കാര്‍ക്ക് ശമ്പളം മാത്രം നല്‍കുകയെന്നതല്ല ഒരു ഉദ്യോഗസ്ഥന്‍റെ ചുമതല. നേരത്തെ ഉണ്ടാക്കി വച്ച സാമ്പത്തിക ബാധ്യതകളാണ് ഇപ്പോഴും തുടര്‍ന്ന് വരുന്നവര്‍ ചുമക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു കുറ്റപ്പെടുത്തി. എല്ലാ മാസവും ഒന്നാം തിയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ എംഡിയാണ് താനെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞത്.
തമിഴ്‌നാടിനും എഐ കാമറ വേണം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക സംഘം കേരളത്തിലെത്തിയെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എഎ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം താനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള മാതൃകയില്‍ എഐ കാമറകള്‍ സ്ഥാപിക്കാന്‍ തമിഴ്‌നാടും താത്‌പര്യം അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെത്തിയ സംഘം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലെത്തി എഐ കാമറ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുകയാണെന്നും കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ ഓഫിസിലെത്തി അവരുമായും കൂടിക്കാഴ്‌ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സ്ഥാപിച്ച ഇതേ മോഡലില്‍ തമിഴ്‌നാട്ടിലും സ്ഥാപിക്കാനുള്ള ഒരു നിര്‍ദേശമാണ് സംഘം തമിഴ്‌നാട്ടിലെ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കെല്‍ട്രോണിനെ സംഘം തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കെല്‍ട്രോണ്‍ സംഘം തമിഴ്‌നാട്ടിലേക്ക് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ അപകട നിരക്കും മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ എഐ കാമറ ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയിട്ടുണ്ടെന്നാണ് സംഘത്തിന്‍റെ വിലയിരുത്തലെന്നും ഇതുസംബന്ധിച്ച് മന്ത്രിതലത്തില്‍ തന്നെ ചര്‍ച്ച നടത്താമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. എഐ കാമറ കേരളത്തില്‍ സ്ഥാപിച്ചത് വന്‍ വിജയമാണെന്നും കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമാണെന്ന് മനസിലാക്കിയതിന് ശേഷമാണ് തമിഴ്‌നാട്ടിലും ഇത്തരം പദ്ധതി കൊണ്ടുവരുന്നതിന് കുറിച്ച് ആലോചിച്ചതെന്നാണ് സംഘം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.