തിരുവനന്തപുരം: ഇടുക്കിയിലെ വിവിധ ജനവാസ മേഖലയിലെത്തി ആക്രമണങ്ങള്‍ നടത്തുന്ന അരിക്കൊമ്പനെ പിടികൂടാമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കര്‍ഷകര്‍ക്കും ചിന്നക്കനാലിനെ ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതിയുടെ തീരുമാനം. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റണമെന്ന ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷ ക്രമീകരണങ്ങള്‍ അടക്കം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഡിയോ കോളറിന് പകരം ആധുനിക രീതിയിലുള്ള സാറ്റലൈറ്റ് ചിപ്പ് ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. ചിപ്പ് ലഭ്യമാകുന്ന മുറയ്ക്ക് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കും.
വനം വകുപ്പിന്‍റെ പ്രത്യേക വിഭാഗവും ഡോക്‌ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘവും കുങ്കിയാനകളും അവിടെ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദൗത്യം ആരംഭിക്കാന്‍ താമസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടാമെന്ന് കോടതി ഉത്തരവിട്ടതോടെ വനം വകുപ്പ് നേരത്തെ തന്നെ ശരിയായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും വ്യക്തമായി. പിടികൂടിയ ശേഷം എന്ത് ചെയ്യണം എന്നതിലാണ് കോടതി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. കോടതി നിയമിച്ച വിദഗ്‌ധ സമിതിയും വനം വകുപ്പിന്‍റെ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.
ഫലപ്രദമായ എല്ലാ നടപടിയും സ്വീകരിച്ച് തന്നെ മുന്നോട്ട് പോകും. പറമ്പിക്കുളത്ത് ആനയെ എത്തിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ചും വനം വകുപ്പ് പഠിക്കും. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാന്‍ വനം വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതിനുസരിച്ചുള്ള നടപടികളുമായി മുന്നോട്ട് പോകും.
ആനകളുടെ സെന്‍സസ് ഈ മാസം 17 മുതല്‍: സംസ്ഥാനത്തെ വനമേഖലയിലെ ആനകളുടെ സെന്‍സസ് 17,18,19 തീയതികളില്‍ നടക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇതേ സമയത്ത് തന്നെ സെന്‍സസ് നടത്തും. തുടര്‍ ദിവസങ്ങളില്‍ വയനാട്ടില്‍ മാത്രമായി കടുവകളുടെ സെന്‍സസും നടക്കും. വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് തടയാന്‍ എന്തൊക്കെ നടപടിയെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തുന്നുണ്ട്. ആ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തില്‍ വനം വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദഗ്‌ധ സമിതി ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: മിഷന്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നേരം വിഷയവുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി യോഗം നടത്തിയിരുന്നു. യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് കോടതിയി സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അരിക്കൊമ്പന്‍ സ്ഥിരമായെത്തുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍, രാജകുമാരി എന്നിവിടങ്ങളിലെ ജനങ്ങളുമായി വിദഗ്‌ധ സംഘം സംസാരിച്ചിരുന്നു. ജനങ്ങളുമായി സംസാരിച്ചതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളെല്ലാം പരിഗണിച്ചാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ജനവാസ മേഖലകളിലെത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള വനം വകുപ്പിന്‍റെ നീക്കത്തിനെതിരെ നേരത്തെ ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു. സംഭവത്തില്‍ നിരവധിയിടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിഷയങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിദഗ്‌ധ സമിതിയെ നിയമിച്ചത്.