തിരുവനന്തപുരം : അരിക്കൊമ്പന്‍റെ മേല്‍ റേഡിയോ കോളര്‍ സംവിധാനം ബന്ധിപ്പിച്ചിട്ടില്ലെന്ന് വനംമന്ത്രി എകെ. ശശീന്ദ്രന്‍. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ആനത്താരയില്‍ ആളുകളെ താമസിപ്പിച്ചതാരാണെന്നത് ചര്‍ച്ചയ്‌ക്ക് എടുത്താല്‍ രാഷ്‌ട്രീയം ആകുമെന്നും നിലവിലെ സാഹചര്യത്തില്‍ അത്തരം വിവാദങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആനയെ പിടികൂടിയതിന് ശേഷം എന്ത് ചെയ്യും എന്നതിൻമേലുള്ള ആശങ്കയാണ് പരാതിയായും ഹർജിയായും കോടതിയിൽ എത്തിയത്. എന്നാൽ അതിന് പരിഹാരം ആനയെ ഉൾക്കാട്ടിലേക്ക് തന്നെ അയക്കുക എന്നത് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലുമാണ് അരിക്കൊമ്പൻ ഭീതി പടർത്തുന്നത്. ജനവാസ മേഖലയിലെത്തി ആക്രമണങ്ങള്‍ പതിവായതോടെ പൊറുതി മുട്ടിയ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് അരിക്കൊമ്പനെ പിടികൂടാന്‍ തീരുമാനമായത്.
മയക്കുവെടിവച്ച് പിടികൂടി തളയ്ക്കാനായിരുന്നു വനം വകുപ്പിന്‍റെ തീരുമാനം. എന്നാല്‍ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. അരിക്കൊമ്പനെ പിടികൂടുന്നതിന് തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഇത്.
അരിക്കൊമ്പനും ആക്രമണങ്ങളും: വര്‍ഷങ്ങളായി ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. റേഷന്‍ കടകളും വീടുകളും തകര്‍ത്ത് അരി ഭക്ഷിക്കുന്നത് പതിവായതോടെ നാട്ടുകാര്‍ നല്‍കിയ പേരാണ് അരിക്കൊമ്പന്‍. ജനവാസ മേഖലയിലൂടെ മുഴുവന്‍ സമയവും സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ച് രംഗത്തെത്തി.
നിരവധി പേര്‍ അരിക്കൊമ്പന്‍ അടക്കമുള്ള കാട്ടാനകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം വര്‍ധിച്ചതോടെ അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ശ്രമിച്ച് കൊണ്ടേയിരുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള വനം വകുപ്പിന്‍റെ ശ്രമങ്ങള്‍ വിഫലമായി. ഇതേ തുടര്‍ന്നാണ് മയക്ക് വെടിവച്ച് പിടികൂടാനുള്ള നടപടികളുമായി വനം വകുപ്പ് രംഗത്തെത്തിയത്.
മയക്കുവെടി വച്ച് പിടികൂടിയതിന് ശേഷം കുങ്കിയാനയുടെ സഹായത്തോടെ കൂട്ടിലടയ്ക്കാനാണ് ധാരണ. മാര്‍ച്ച് 25ന് ദൗത്യം നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. ഇതോടനുബന്ധിച്ച് ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദൗത്യം പിന്നെയും നീളുകയായിരുന്നു.
അരിക്കൊമ്പനെ പിടികൂടുന്നതിനായി വയനാട് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും എത്തിച്ചു. വടക്കനാട് കൊമ്പനെന്ന വിക്രമിനെയാണ് അരിക്കൊമ്പനെ പിടികൂടാന്‍ വയനാട്ടില്‍ നിന്ന് ആദ്യമായി ചിന്നക്കനാലില്‍ എത്തിച്ചത്. പാലക്കാട് ധോണിയിലെ പിടി 7നെ പിടികൂടുന്നതിനും വിക്രത്തെ കൊണ്ടുവന്നിരുന്നു. വയനാട് മുത്തങ്ങയിലെ വടക്കനാട് മേഖലയില്‍ ഒരുകാലത്ത് ഭീതി പടര്‍ത്തിയിരുന്ന കൊമ്പനാണ് വിക്രം. അതുകൊണ്ടാണ് വിക്രം വടക്കനാട് കൊമ്പന്‍ എന്നും അറിയപ്പെടുന്നത്.