തിരുവനന്തപുരം: വൈവിധ്യവൽകരണത്തിന്‍റെ പുതിയ ചുവടുമായി മിൽമ ജൈവ പച്ചക്കറി കൃഷി രംഗത്തേക്ക്. ഹരിത മിൽമ എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ച മുതൽ നടപ്പാക്കും. ദക്ഷിണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങളാണ് മിൽമയുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നത്.
വിത്തും വളവും സാമ്പത്തിക സഹായവും പരിശീലനവും നൽകി ക്ഷീരകർഷകരെ അധിക വരുമാനം തേടാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് മിൽമ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 11 ക്ഷീരസംഘങ്ങളാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് കേന്ദ്രത്തിലാണ് കർഷകർക്ക് പരിശീലനം നൽകുന്നത്. കൃഷിക്ക് വെല്ലുവിളിയാകുന്ന ജലസേചന സൗകര്യമുൾപ്പെടെ മിൽമ ഒരുക്കി നൽകും. പരീക്ഷണാർത്ഥം തെക്കൻ ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് ഉദേശ്യം. മിൽമയുടെ വിശ്വാസ്യത പദ്ധതിയുടെ വിജയത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ഷീരകർഷകർക്ക് അധികവരുമാനത്തിനൊപ്പം വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.