തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിസന്ധിയിലായി മില്‍മ. നിരോധനം നിലവില്‍ വരുന്ന ജനുവരിയില്‍ നിലവിലെ കവറുകള്‍ മാറ്റാനാകില്ലെന്ന് മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍. സര്‍ക്കാര്‍ ഇളവ് അനുവദിച്ചെങ്കിലും ബദല്‍ സംവിധാനത്തിനായി കുറഞ്ഞത് രണ്ട് വര്‍ഷം വേണമെന്നാണ് മില്‍മ ആവശ്യപ്പെടുന്നത്. ഉപയോഗിച്ച കവറുകള്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മില്‍മ ക്ലീന്‍ കേരള മിഷനെ സമീപിച്ചു.
ജനുവരി ഒന്ന് മുതലാണ് പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മില്‍മ, ബിവറേജ് കോര്‍പ്പറേഷന്‍ തുടങ്ങി ഉപയോഗശേഷം പ്ലാസ്റ്റിക് തിരികെയെടുക്കാമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് ഇളവ് ഉണ്ട്. എന്നാല്‍ ഇളവ് എത്ര കാലത്തേക്കെന്നത് വ്യകതമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മില്‍മക്ക് ആകില്ല. ദിനംപ്രതി പാല്‍, തൈര് തുടങ്ങിയ ഉല്പന്നങ്ങള്ക്കായി 25 ലക്ഷത്തിലധികം കവറുകള്‍ മില്‍മക്ക് വേണ്ടിവരും.
ഉപയോഗിച്ച കവറുകള്‍ക്ക് ചെറിയ തുക ഏര്‍പ്പെടുത്തി തിരിച്ചെടുക്കുന്ന കാര്യവും പരിഗണനയിലാണ്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി കവറുകള്‍ തിരിച്ചെടുക്കാന്‍ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്. കൂടുതല്‍ മൊബൈല്‍ പാല്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. അതേസമയം നിലവില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച വെന്‍ഡിങ് മെഷീനോട് ജനങ്ങള്‍ അനുകൂല പ്രതികരണം കാണിക്കാത്തതിനാല്‍ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്ലാസ്റ്റിക് കവറുകള്‍ മാറ്റാന്‍ നേരത്തെ ചില പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും പരാജപ്പെട്ടതിനാലാണ് മില്‍മ പഴയ കവര്‍ സംവിധാനത്തില്‍ തുടരുന്നതെന്നും മില്‍മ ഭാരവാഹികള്‍ വ്യക്തമാക്കി.