തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കണക്കെടുക്കല്‍ നടപടികളുമായി തൊഴില്‍ വകുപ്പ്. രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമായി. ആലുവയില്‍ ആറുവയസുകാരിയെ ബിഹാര്‍ സ്വദേശി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുള്ള മുഴുവന്‍ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
സംസ്ഥാനത്തുള്ള 5706 തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ന് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തു. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് തൊഴില്‍ വകുപ്പിന്‍റെ ശ്രമം. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടുമെന്നും ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി.
അതിഥി മൊബൈല്‍ ആപ്പ് ഉടനെത്തും: അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്‌തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമ ഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവില്‍ വരുന്നതോടെ ക്യാമ്പുകള്‍ക്കും നിര്‍മാണ സ്ഥലങ്ങള്‍ക്കും തൊഴില്‍ വകുപ്പ് ഓഫിസുകള്‍ക്കും പുറമെ ഓരോ അതിഥി തൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള നടപടികളാകും സ്വീകരിക്കുക.
അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങള്‍ എന്‍ട്രോളിങ് ഓഫിസര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.
സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളും പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 425 ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലുമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഇവിടെ 11,229 തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.
കരാര്‍ തൊഴിലാളി നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം, ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്‌ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍, കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷ സംവിധാനങ്ങളുടെ അഭാവം എന്നിവ കണ്ടെത്തിയ ഇടങ്ങളില്‍ തൊഴില്‍ വകുപ്പ് നോട്ടിസ് നല്‍കി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ദേശവും നല്‍കി.
എത്രയാളുണ്ടെന്ന് കണക്കറിയാതെ സര്‍ക്കാര്‍: അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ സംബന്ധിച്ച് സംസ്ഥാനത്ത് വരും ദിവസങ്ങളിലും പരിശോധന തുടരും. സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാറിന്‍റെ പക്കല്‍ കൃത്യമായ ഒരു കണക്കുമില്ല. രണ്ടര ലക്ഷം എന്ന കണക്കാണ് സര്‍ക്കാറിന് മുന്നില്‍ ഉള്ളത്. എന്നാല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് അഞ്ചര ലക്ഷത്തിന് മുകളില്‍ അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. അതിഥി തൊഴിലാളികള്‍ പ്രതികളാകുന്ന അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കണക്കെടുപ്പ് നടത്തുന്നത്.