തിരുവനന്തപുരം: പള്ളിപ്പുറത്ത് രണ്ട് വീടുകൾക്ക് നേരെ അർധരാത്രി അക്രമം അഴിച്ചുവിട്ട് ഗുണ്ടാസംഘം. പള്ളിപുറം കുഴിയാലയ്ക്കൽ റഹ്മത്തിന്‍റെയും സഹോദരൻ മസൂദിന്‍റെയും വീടിന് നേരെയാണ് അക്രമം നടന്നത്. റഹ്മത്തിന്‍റെ വീട്ടിലെ മുഴുവൻ ജനലുകളും കാറും അടിച്ചു തകർത്തു. പ്രദേശവാസികൾ ഉൾപ്പെട്ട പതിനഞ്ചംഗ സംഘം അക്രം നടത്തിയെന്നാണ് ആരോപണം. രണ്ട് ദിവസം മുൻപ് മസൂദിന്‍റെ വീടിന്‍റെ നിർമാണാവശ്യത്തിനുള്ള ഇഷ്‌ടിക എത്തിച്ചപ്പോള്‍ നൗഫൽ, ഷാൻ തുടങ്ങിയവർ 2000 രൂപ പിരിവ് ചോദിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. തുടർന്ന് വീട്ടുകാർ മംഗലപുരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയ ശേഷമാണ് ലോഡ് ഇറക്കിയത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഇതേ സംഘം സമീപത്തെ മസൂദിന്‍റെ വീട്ടിൽ അക്രമം നടത്തിയിരുന്നു. സ്ത്രീകൾ അടക്കമുള്ളവരെ മർദിച്ചു. തുടർന്ന് പൊലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. അക്രമികളെ പേടിച്ച് മസൂദും കുടുംബവും തൊട്ടടുത്തുള്ള സഹോദരി റഹ്മത്തിന്‍റെ വീട്ടിലാണ് കിടന്നത്. രാത്രി മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ആദ്യം മസൂദിന്‍റെ വീട്ടിലെ ജനലുകൾ തകർത്തതിന് ശേഷം റഹ്മത്തിന്‍റെ പുതിയ വീടിന്‍റെ മുഴുവൻ ജനലുകളും തകർത്തു. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു. വീടിന്‍റെ മുമ്പിൽ പാർക്ക് ചെയ്‌തിരുന്ന മാരുതി കാറും രണ്ട് ബൈക്കുകളും അടിച്ച് തകർത്തു. ആറ്റിങ്ങൽ ഡിവൈഎസ്‌പി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾ നിരവധി കേസുകളിൽ പ്രതികളാണെന്നും രണ്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തെന്നും ഡിവൈഎസ്‌പി അറിയിച്ചു.