തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ആറു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് വിജിലൻസ്. വിജിലൻസ് കോടതിയുടെ നേരിട്ട് ഉള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തണം എന്ന വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം വിജിലൻസ് അഭിഭാഷകൻ കോടതിയ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2018 ഏപ്രിൽ 11 ലെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസിന്‍റെ അന്വേഷണം ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടത്തുന്നത്. അന്വേഷണം സമഗ്രമായ നടക്കുന്നുണ്ടെന്നും കേരളത്തിൽ കൊവിഡ് വ്യാപനം ഉണ്ടായതിനാലാണ് അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നും വിജിലൻസ് അറിയിച്ചു.
പിന്നാക്ക വികസന കോർപ്പറേഷൻ വഴി നൽകിയ 15 കോടി അമിത പലിശ നൽകി വിതരണം ചെയ്തതാണെന്നാണ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആരോപണം. വെള്ളാപ്പള്ളി അടക്കം അഞ്ചു പേരാണ് കേസിലെ പ്രതികൾ. ഈ കേസിൽ വെള്ളാപ്പള്ളിക്കെതിരെ ശക്‌തമായ തെളിവ് ഉണ്ടെന്ന് കാട്ടി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.