തിരുവനന്തപുരം: സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചതിന് പിന്നാലെ സ്‌കൂളുകളിലും ആർത്തവാവധി വേണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥിനികളും. സര്‍വകലാശാലകളിലെ ചട്ടപ്രകാരം പോലെ തന്നെ സ്‌കൂളുകളിലും പ്ലസ് ടു പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ ആവശ്യമാണ്. കോളജുകളിലെ പോലെ 73 ശതമാനമായി ആയി ഹാജറിന് ഇളവ് നൽകണമെന്നാണ് വിദ്യാർഥിനികളുടെ ആവശ്യം.
ആർത്തവ സമയത്ത് ഉണ്ടാകുന്ന ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾ കോളജ് വിദ്യാർഥിനികളെക്കാൾ കൂടുതൽ ബാധിക്കുക സ്‌കൂൾ വിദ്യാർഥിനികൾക്കാണെന്ന് ഇവർ പറയുന്നു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിനികളും ആർത്തവകാലത്ത് ക്ലാസ് മുറികളിൽ ഇരുന്ന് ബുദ്ധിമുട്ടാറുണ്ട്. പലരും ഹാജറും മറ്റും ഭയന്നാണ് സ്‌കൂളുകളിൽ വരുന്നത്.
മതിയായ ഹാജർ ഇല്ല എങ്കിൽ സ്‌കൂളിൽ പരീക്ഷ എഴുതാൻ കഴിയില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചും സ്പെഷ്യൽ ഫീ അടച്ചും മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഇതിന് വലിയൊരാശ്വാസമായിരിക്കും ആർത്തവാവധി എന്നാണ് വിദ്യാർഥിനികൾ പറയുന്നത്.
ആവശ്യവുമായി അധ്യാപകരും: ആർത്തവ സമയത്ത് വിദ്യാർഥികളിൽ ക്ഷീണവും ശ്രദ്ധ കുറവും കൂടുതലായിരിക്കും. ആ സമയത്ത് അവർക്ക് വേണ്ടത് ശാരീരികമായ വിശ്രമം ആണെന്നും കോളജുകളിൽ നടപ്പിലാക്കിയ നിയമം സ്‌കൂളുകളിൽ കൂടി നൽകിയാൽ അത് കൂടുതൽ ഉപകാരപ്രദമാണെന്നും അധ്യാപകരും പറയുന്നു.
ഈ മാസം തുടക്കത്തിലാണ് കുസാറ്റ് സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി നടപ്പിലാക്കിയത്. പിന്നാലെ സാങ്കേതിക സർവകലാശാലയും ആർത്തവാവധിക്ക് അനുമതി നൽകി. ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥിനികൾക്ക് കോളജുകളിൽ സര്‍വകലാശാല ചട്ടപ്രകാരം ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് ഇനിമുതൽ 73 ശതമാനം ഹാജർ മതി. വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ അഭിനന്ദനങ്ങളാണ് അധികാരികൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.