തിരുവനന്തപുരം: എതിര്‍പ്പുകള്‍ക്കിടെയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആഗസ്റ്റ് ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുക. നിലവിലെ രീതിയായ റീഇംപേഴ്‌സ്‌മെന്‍റ് മാറ്റി മെഡിസെപ്പ് പദ്ധതി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ നിന്നും പെന്‍ഷന്‍കാര്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ സംഘടനകള്‍ പ്രത്യക്ഷസമരവും നടത്തിയിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് ആഗസ്റ്റ് ഒന്ന് മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
റിലയന്‍സ് ജനറല്‍ ഇന്‍ഷുറസ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. ജീവനക്കാരും പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും കൂടാതെ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ് എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് പദ്ധതിക്കുള്ള പ്രീമിയമായി ഒരു വര്‍ഷത്തേക്ക് അടക്കേണ്ടി വരിക.