തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിർദേശം. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരിക്കും ക്യാമ്പുകള്‍ സന്ദര്‍ശിക്കുക. മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പുകളിലെ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രശ്‌നബാധിത മേഖലകളായ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. ഇവിടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ALSO READ: കൊക്കയാറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; നാശനഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം
കൊവിഡ് രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. കൊവിഡ് പോസിറ്റിവായവരെ ഡിസിസികളിലേക്കോ സിഎഫ്എല്‍ടിസികളിലേക്കോ മാറ്റണം. പോസിറ്റിവായവരുടെ കുടുംബാംഗങ്ങളെ പ്രത്യേകമായി നിരീക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ മാനസിക രോഗ വിദഗ്‌ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നല്‍കേണ്ടതാണെന്നും യോഗം വിലയിരുത്തി.
ക്യാമ്പുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാണം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിക്കും. അതനുസരിച്ച് അവരുടെ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത ആരും തന്നെ ക്യാമ്പുകള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.