തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നാളെ പണിമുടക്കും. രാവിലെ എട്ട് മണി മുതൽ മൂന്ന് മണിക്കൂറാണ് സൂചനാപണിമുടക്ക്. 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അതേസമയം നാളത്തെ പണിമുടക്കിൽ നിന്നും അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയ, ഐസിയു, കൊവിഡ് ചികിത്സ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പള കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ശമ്പള കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കെതിരെ കടുത്ത അവഗണനയാണ് ഈ സർക്കാർ കാണിക്കുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്താനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്.