തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണവും കുടിശികയും ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്‌ടർമാർ സൂചനാ പണിമുടക്ക് നടത്തി. രാവിലെ എട്ട് മണിക്ക് തുടങ്ങിയ പണിമുടക്കിൽ ഒ.പിയും അധ്യാപനവും വി.ഐ.പി ഡ്യൂട്ടിയും നോൺ കൊവിഡ് മീറ്റിംഗുകളും ഡോക്‌ടർമാർ ബഹിഷ്‌കരിച്ചു. പി.ജി ഡോക്‌ടർമാരുടെ സേവനം ഏർപ്പെടുത്തിയതിനാൽ ചികിത്സ തടസപ്പെട്ടില്ല.
2016 ജനുവരി ഒന്ന് മുതലുളള 'അലവൻസ് കുടിശിക ഉൾപ്പടെയുള്ള ശമ്പള കുടിശിക അനുവദിക്കുക, എൻട്രി ലെവൽ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നിവയാണ് ഡോക്‌ടർമാർ ആവശ്യപ്പെടുന്നത്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 10 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഡോക്‌ടർമാർ പറഞ്ഞു. ഇന്നു രാവിലെ എട്ട് മുതൽ 11 മണി വരെയാണ് ഡോക്‌ടർമാർ പണിമുടക്കിയത്.