തിരുവന്തപുരം: എംവി ഗോവിന്ദന്‍ രാജിവച്ച ഒഴിവില്‍ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവമാണ് രാജേഷ് പ്രതിജ്ഞ എടുത്തത്.
എംവി ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്‌തിരുന്ന തദ്ദേശ സ്വയംഭരണവും എക്‌സൈസും വകുപ്പുകളാണ് രാജേഷിന് കൈമാറിയിരിക്കുന്നത്. വകുപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ഫയലില്‍ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതോടെ വിജ്ഞാപനമിറങ്ങി.
സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌പീക്കര്‍ സ്ഥാനം രാജിവച്ചാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളുമായി രാജേഷ് മന്ത്രിയായി എത്തുന്നത്. അതേസമയം മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല.