തിരുവനന്തപുരം: സ്‌പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് രാജേഷ് മന്ത്രിയാകുന്നത്. രാജേഷിന് പകരം തലശേരി എംഎൽഎ എഎൻ ഷംസീർ സ്‌പീക്കറാവും.
തദ്ദേശസ്വയംഭരണം എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ന് (സെപ്റ്റംബര്‍ 2) ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എംബി രാജേഷിന്‍റെ വകുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി.
എംബി രാജേഷിൻ്റെ സത്യപ്രതിജ്ഞ സെപ്‌റ്റംബർ ആറ് ചൊവ്വാഴ്‌ച നടക്കും. രാവിലെ 11 മണിക്കാണ് രാജ്‌ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. എംവി ഗോവിന്ദൻ കൈകാര്യം ചെയ്‌തിരുന്ന സുപ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണം, എക്‌സൈസ് എന്നിവ എംബി രാജേഷിന് നൽകുമെന്നാണ് സൂചന.