തിരുവനന്തപുരം : ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്.
ഭഗത് സിംഗിന്‍റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയ വിഷയത്തിലാണ് വിശദീകരണവുമായി സ്‌പീക്കര്‍ രംഗത്തെത്തിയത്.
ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് ഭഗത് സിംഗിനോട് എപ്പോഴാണ് ആദരവ് തോന്നി തുടങ്ങിയതെന്നും സ്‌പീക്കര്‍ ഫേസ്‌ബുക്കിലിട്ട പോസ്റ്റില്‍ ചോദിച്ചു.
2017 മാര്‍ച്ച് 23ന് ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്‍റെ പേര് നല്‍കണമെന്ന് താന്‍ പാര്‍ലമെന്‍റില്‍ ആവശ്യമുന്നയിച്ചു.
പഞ്ചാബില്‍ നിന്നുള്ള മുഴുവന്‍ അംഗങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും പിന്തുണയുമായെത്തി.
എന്നാല്‍ ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രം മൗനം പാലിച്ചു. തികച്ചും അനര്‍ഹനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതുമായ ഒരാളുടെ പേര് ചണ്ഡിഗഡ് വിമാനത്താവളത്തിന് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോച്ചിരുന്ന സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യം ഉന്നയിച്ചത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. ഇപ്പോഴും ഭഗത് സിംഗിന്‍റെ പേര് അദ്ദേഹത്തിന്‍റെ ജന്മ നാട്ടിലെ വിമാനത്താവളത്തിന് നല്‍കിയതായി അറിവില്ല.
ഭഗത് സിംഗിന്‍റെ ആദരവ് എത്രത്തോളമുണ്ടെന്ന് കാണിക്കാന്‍ ഇപ്പോഴെങ്കിലും കേന്ദ്രം തയ്യാറാകുമോ. 1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ വയ്ക്കാന്‍ തയ്യാറായി.
എന്നാല്‍ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഭഗത് സിംഗിന് സ്ഥാനം കൊടുക്കാത്തവര്‍ക്കാണ് ഇപ്പോള്‍ ഭഗത് സിംഗിന്‍റെ കാര്യത്തില്‍ ഉള്‍വിളിയുണ്ടാകുന്നത്.
Also Read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന്‍റെ ഓർമയിൽ മലപ്പുറം പാണ്ടിക്കാട്
താന്‍ പ്രവര്‍ത്തിച്ചതും വളര്‍ന്നതും ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാം.
ഭഗത് സിംഗിന്‍റെ പാരമ്പര്യം ഏറ്റുവാങ്ങിയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി വളര്‍ന്ന തനിക്ക് അദ്ദേഹത്തിന്‍റെ ജന്മ ഗൃഹത്തില്‍ പോകാനും ജന്മ നാട്ടിലെ രക്തസാക്ഷി ദിനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ആവേശകരമായ അനുഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നും രാജേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.