തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കറായി എം.ബി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 96 വോട്ടുകൾ നേടിയാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.സി. വിഷ്‌ണുനാഥിന് 40 വോട്ടുകൾ ലഭിച്ചു. പ്രോടേം സ്‌പീക്കർ പി.ടി.എ റഹിമിന്‍റെ അധ്യക്ഷതയിലാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. പ്രോടേം സ്‌പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ഭരണ പക്ഷത്തെ രണ്ട് അംഗങ്ങളും പ്രതിപക്ഷത്തെ ഒരംഗവും വോട്ടെടുപ്പിനെത്തിയില്ല.
Also Read: അടുത്ത 12 മണിക്കൂറില്‍ യാസ് ശക്തി പ്രാപിക്കും; ഒഡിഷ തീരത്ത് ജാഗ്രത
ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചയാൾ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു എന്ന അപൂർവതയും രാജേഷിനുണ്ട്. തൃത്താലയിൽ നിന്നാണ് രാജേഷ് നിയമസഭാംഗമാകുന്നത്. കേരള നിയമസഭയുടെ 23-ാമത് സ്‌പീക്കറാണ് എം.ബി. രാജേഷ്. 2009, 2014 വർഷങ്ങളിൽ പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അദ്ദേഹം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യാ പ്രസിഡന്‍റുമായിരുന്നു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനെ മുഖ്യമന്തി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കൾ എന്നിവർ അനുമോദിച്ചു. അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണ് എംബി രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയെ സംബന്ധിച്ച് ഇത് അഭിമാനകരമായ കാര്യം. സഭയുടെ പൊതു ശബ്‌ദമാകാൻ കഴിയട്ടെന്നും എംബി രാജേഷിനെ സന്തോഷപൂർവം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.