തിരുവനന്തപുരം: കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഭൂരിപക്ഷവും കൗണ്‍സിലര്‍മാരുടെ പിന്തുണയുമുണ്ടെങ്കില്‍ മേയര്‍ സ്ഥാനത്ത് തുടരും. കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്ക്കണമെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നിലപാട് ബാലിശമാണ്.
പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാല്‍ സമരത്തില്‍ ആള് കുറയുകയാണ്. ഇത് ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നതു കൊണ്ടാണ്. സമരത്തിന്‍റെ പേരില്‍ കോര്‍പറേഷനില്‍ എത്തുന്ന ജനങ്ങളെ ആക്രമിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മേയര്‍ പറഞ്ഞു.
കോര്‍പറേഷന്‍റെ പ്രവര്‍ത്തനത്തില്‍ ഒരു പ്രതിസന്ധിയുമില്ല. രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ തന്നെ വാര്‍ഡുകളിലെ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നുണ്ടെന്നും കത്തുകളില്‍ ഒപ്പിടാനായി എത്തുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ ഏത് അന്വേഷണത്തിനും തയാറാണ്. കോടതി നിര്‍ദേശിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.
കോടതിയുടെ നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ല, നോട്ടിസ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. എഫ്‌ഐആര്‍ ഇട്ടോ എന്ന കാര്യം അറിയില്ല. തുടര്‍നടപടി വേഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പെട്ടിയുമായി കോഴിക്കോട്ടേക്ക് പോകൂ എന്ന മഹിള കോണ്‍ഗ്രസിന്‍റെ അധിക്ഷേപം ശരിയല്ല. ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് അങ്ങനെ പറയാന്‍ പാടില്ല. പെട്ടിയെടുപ്പ് കോണ്‍ഗ്രസ് സംസ്‌കാരത്തിന്‍റെ ഭാഗമാണ്. ഇതില്‍ മാനനഷ്‌ട കേസ് കൊടുക്കുന്നത് സംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
മേയര്‍ക്ക് ബുദ്ധിയില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്‌താവന കാര്യമാക്കുന്നില്ല. സുധാകരന്‍റേത് പോലെ ക്രൂര ബുദ്ധി തനിക്കില്ലെന്നും മേയര്‍ പറഞ്ഞു.