തിരുവനന്തപുരം: പ്രതിഷേധങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പ്രതിഷേധത്തിന്‍റെ പേരില്‍ കോർപറേഷനില്‍ എത്തുന്ന ജനങ്ങളെ തടയുന്നത് ശരിയല്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
കൗണ്‍സിലര്‍മാരെ മര്‍ദിക്കുന്ന തരത്തിലാണ് സമരം നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എസ്എടി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തിലെ നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതിയതായി ഡി.ആര്‍ അനില്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിയമനങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയത്.
തന്‍റെ പേരില്‍ പ്രചരിച്ച വ്യാജ കത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെ എന്നാണ് തന്‍റെയും പാര്‍ട്ടിയുടെയും നിലപാടെന്നും മേയര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യം വെറും തമാശയാണ്. രാജി ആവശ്യപ്പെടുമ്പോള്‍ വഴങ്ങാനാവില്ല. രാജി എന്ന വാക്ക് വെറുതേ പറഞ്ഞു കൊണ്ടേയിരിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മേയര്‍ വ്യക്തമാക്കി.