തിരുവനന്തപുരം : സിപിഎം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും തിരിച്ച് വെല്ലുവിളിച്ചും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നികുതിവെട്ടിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള സിപിഎം ആരോപണം തോന്നിവാസമാണ്. സിപിഎം ഉന്നയിച്ച ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
തന്‍റെ അഭിഭാഷക സ്ഥാപനത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന് ആരോപിച്ചത് ഏറെ വേദനിപ്പിച്ചു. ഇത് തന്‍റെ പാര്‍ട്ട്ണര്‍മാര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. വിയര്‍പ്പിന്‍റെ വിലയറിയാത്തതുകൊണ്ടാണ് തന്‍റെ സ്ഥാപനത്തിനെതിരെ സി പി എം ഇത്രയും വൃത്തികെട്ട ആരോപണം ഉന്നയിക്കുന്നത്.
ഏറെ കഷ്‌ടപ്പെട്ടും അധ്വാനിച്ചുമാണ് സ്ഥാപനം കെട്ടിപ്പടുത്തത്. ഒരു അഭിഭാഷകന്‍റെ ജീവിതം എങ്ങനെയെന്ന് അഭിഭാഷകരായ എസ്‌എഫ്‌ഐക്കാരോട് ചോദിക്കണം. ആദ്യ വര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ അലഞ്ഞ് നടക്കുകയാണ്. അതിനുശേഷമാണ് എന്തെങ്കിലും കേസ് ലഭിക്കുന്നത്. 23 വര്‍ഷത്തെ കഠിനാധ്വാനത്തെയാണ് ഇത്തരത്തില്‍ അപമാനിച്ചത്.
അധ്വാനിച്ച് ജീവിക്കുന്ന എത്ര നേതാക്കളുണ്ട് : രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ല എന്നതാണ് ഇപ്പോഴത്തെ സിപിഎം രീതി. അതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്ന എത്ര നേതാക്കളുണ്ടെന്ന് ഈ ആരോപണം ഉന്നയിച്ച സിപിഎമ്മുകാർ വ്യക്തമാക്കണമെന്നും എംഎൽഎ പറഞ്ഞു.
2014 മുതലുള്ള തന്‍റെ സ്ഥാപനത്തിന്‍റെ വരുമാനം, അടച്ച ആദായ നികുതി വിവരങ്ങള്‍ എന്നിവ പുറത്തുവിടാന്‍ തയ്യാറാണ്. ആര്‍ക്കും ഇക്കാര്യം പരിശോധിക്കാം. സിപിഎമ്മിന് തന്നെ ഇക്കാര്യങ്ങള്‍ പരിശോധിക്കാം. അതിനായി ഒരു കമ്മിഷനേയോ നേതാവിനേയോ സിപിഎമ്മിന് ചുമതലപ്പെടുത്താം. തോമസ് ഐസക്കിനെ പോലൊരു നേതാവായാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും.
വിവരം വ്യക്തമാക്കാന്‍ തയ്യാറാണോ ? തന്‍റെ കമ്പനിയിൽ ജോലി ചെയ്യുന്നവരും നേരത്തെ ജോലി ചെയ്‌തിരുന്നവരുമായ 100 ജീവനക്കാരുടെ പേര് പറയാം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലെ ജീവനക്കാരുടെയും സേവനങ്ങളുടെയും വിവരം വ്യക്തമാക്കാന്‍ തയ്യാറാണോയെന്ന് വെല്ലുവിളിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇടുക്കി ചിന്നക്കനാലിലെ ഭൂമിക്ക് ഫെയര്‍വാല്യുവിലും കൂടുതല്‍ സ്റ്റാംപ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
കണക്കുപ്രകാരം 13.24 ലക്ഷം രൂപ അടച്ചാല്‍ മതി. എന്നാല്‍ താന്‍ അടച്ചത് 19.11 ലക്ഷം രൂപയാണ്. ഇതിന്‍റെ രേഖകളും കൈയിലുണ്ട്. ഈ ഭൂമിക്ക് ഒപ്പം വാങ്ങിയ വസ്‌തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ രണ്ട് തവണയായാണ് ആധാരം രജിസ്റ്റര്‍ ചെയ്‌തത്.
Also Read : ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, കൃത്യമായി പഠിച്ച് മറുപടി നൽകും : മാത്യു കുഴല്‍നാടന്‍ എംഎല്‍എ
എല്ലാ രേഖകളും കൈവശമുണ്ട് : തന്‍റെ സ്ഥാപനം ചെലവഴിച്ച തുകയുടെ കണക്ക് എടുത്താണ് സത്യവാങ്‌മൂലത്തില്‍ രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ ആധാരം നടത്തുകയും ചെയ്‌തു. ഇതിന്‍റെ എല്ലാ രേഖകളും കൈവശമുണ്ട്. ആര്‍ക്കും പരിശോധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനനാണ് മാത്യു കുഴല്‍നാടനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസ് എടുക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.