ബെംഗളൂരു: ഇലക്‌ടറല്‍ ബോണ്ട് വഴി പണം തട്ടിയതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഫയൽ ചെയ്‌ത കേസില്‍ ഹൈക്കോടതി സ്റ്റേ. ഒക്‌ടോബർ 22 വരെയാണ് ഉത്തരവില്‍ കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയത്.
ജനപ്രതിനിധികളുടെ കോടതി ഉത്തരവിനെതിരെ കൂട്ടുപ്രതിയും മുൻ സംസ്ഥാന ബിജെപി അധ്യക്ഷനുമായ നളീൻ കുമാർ കട്ടീലാണ് ഹൈക്കോടതിയെ സമീപിച്ചത്. നളീൻ കുമാർ കട്ടീലിനെതിരെ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിനും ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേസില്‍ 22-ന് വീണ്ടും വാദം കേള്‍ക്കും. പ്രതിഭാഗം എതിർപ്പ് രേഖപ്പെടുത്തുന്നത് വരെ പ്രഥമദൃഷ്‌ട്യാ അന്വേഷണത്തിന് അനുമതി നൽകുന്നത് നിയമത്തിന്‍റെ ദുരുപയോഗം ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം നിർത്തിവെക്കാന്‍ സ്റ്റേ പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
വെള്ളിയാഴ്‌ചയാണ് ഇലക്‌ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് നിർമല സീതാരാമനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടത്. കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജനാധികർ സംഘർഷ് പരിഷത്ത് (ജെഎസ്‌പി) പ്രവര്‍ത്തകന്‍ ആദർശ് അയ്യർ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്.
തുടര്‍ന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരുവിലെ തിലക് നഗർ പൊലീസ് സ്റ്റേഷനോട് കോടതി ഉത്തരവിടുകയായിരുന്നു.