തിരുവനന്തപുരം : ഒരു ബാഗേജ് ദുബായിലെത്തിക്കാൻ സർക്കാർ എന്തിനാണ് സ്വപ്ന സുരേഷ് വഴി നയതന്ത്ര പരിരക്ഷ തേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മാത്യു കുഴൽ നാടൻ എം.എല്‍.എ. ഒരു ബാഗ് ദുബായിലെത്തിക്കാൻ നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ സർക്കാർ ഇതൊന്നും സ്വീകരിക്കാതെയാണ് നയതന്ത്ര പരിരക്ഷ തേടിയതെന്ന് അദ്ദേഹം നിയമസഭയില്‍ ആരോപിച്ചു.
കോൺസുലേറ്റ് വഴി നയതന്ത്ര പരിരക്ഷയോടെ കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇത് ശിവശങ്കറിന്‍റെ തന്നെ മൊഴികളിൽ വ്യക്തമാണ്. എന്തിനാണ് ഈ വളഞ്ഞ വഴി എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലായിരുന്നു മാത്യു കുഴല്‍നാടന്‍റെ ആരോപണം.
Also Read: സ്വര്‍ണക്കടത്ത് വിവാദം: സഭ നിര്‍ത്തി വച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നു
ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം വട്ടമാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്. വിജിലൻസ് ഡയറക്‌ടറെ ഉപയോഗിച്ച് സ്വപ്‌നയുടെ മൊഴി തിരുത്തി സ്വർണക്കടത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആശങ്ക ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ നൽകിയ നോട്ടിസിൽ ആവശ്യപ്പെടുന്നത്.