തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ ഇടങ്ങളിലും ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
പൊതുഗതാഗത സംവിധാനമുള്‍പ്പെടെ എല്ലാ വാഹനയാത്രയിലും മാസ്‌ക് ധരിക്കണം. കൂടാതെ സാനിറ്റെസര്‍ ഉപയോഗത്തിലും സര്‍ക്കാര്‍ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കടകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപന ഉടമകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാനിറ്റൈസര്‍ സംവിധാനം ഉറപ്പാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉടന്‍ പ്രബല്യത്തില്‍ വരുത്തണമെന്ന നിര്‍ദേശത്തോടെയാണ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉത്തരവിറക്കിയിരിക്കുന്നത്. കൊവിഡ് ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് മാസ്‌ക് ഉപയോഗത്തിന് ഇളവുകള്‍ അനുവദിച്ചത്.
എന്നാല്‍ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ അതിതീവ്രവ്യാപന ശേഷിയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനു പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാസ്‌ക് ഉപയോഗിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.