തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌ക് എന്ന മുഖാവരം ധരിക്കാതിരിക്കുന്നതിനെ കുറിച്ച് ലോകത്തൊരാള്‍ക്കും ചിന്തിക്കാന്‍ പോലുമാകാതിരുന്നെങ്കില്‍ അത്തരമൊരു അവസ്ഥയിലേക്ക് കേരളം ഒരിക്കല്‍ കൂടി പ്രവേശിക്കുകയാണ്. ഇത്തവണ മാസ്‌കിനെ തിരികെ കൊണ്ടു വന്നിരിക്കുന്നത് കൊവിഡ് അല്ല, കൊവിഡിന്‍റെ ഭീഷണിയും എവിടെയുമില്ല. കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന പനിയാണ് മാസ്‌കിനെ തിരികെ എത്തിച്ചിരിക്കുന്നത്.
കേരളത്തില്‍ പകര്‍ച്ച പനി ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. സ്‌കൂള്‍ തുറന്നത് മുതല്‍ കുട്ടികള്‍ പനി ലക്ഷണങ്ങളുമായാണ് സ്‌കൂളുകളിലേക്കെത്തുന്നത്. സംസ്ഥാനത്തെ പ്രതിദിന പകര്‍ച്ചപ്പനി കേസുകളുടെ എണ്ണം ഏകദേശം 15,000 ത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ കൂട്ടം കൂടുന്ന ഇടം എന്ന നിലയില്‍ പകര്‍ച്ചപ്പനി അതിവേഗം പകരുന്നത് സ്‌കൂളുകളിലൂടെയാകുമെന്ന കണക്കു കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് പനി ലക്ഷണങ്ങളുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ജലദോഷം, ചുമ, തുമ്മല്‍ എന്നിവയുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ച് മാത്രമെ സ്‌കൂളിലെത്താവൂ എന്നും ഇക്കാര്യം പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവ്. പകര്‍ച്ചപ്പനിയുടെ പശ്ചാത്തലത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യാഴാഴ്‌ച വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജലദോഷം, ചുമ, തുമ്മല്‍ എന്നിവയുള്ള വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ സാമൂഹിക അകലം പാലിച്ച് മാത്രമെ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ.
ഈ ലക്ഷണങ്ങളുള്ള കുട്ടികള്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സ്‌കൂളിലെത്തേണ്ട ആവശ്യമില്ല. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്ലാസില്‍ അഞ്ചോ അതിലധികമോ കുട്ടികള്‍ക്ക് പനി ബാധിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇക്കാര്യം ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപികയെ അറിയിക്കുകയും പ്രധാനാധ്യാപിക ഇക്കാര്യം അതാത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫിസറെ അറിയിക്കുകയും വേണം.
എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെയോ അധ്യാപികയെയോ നോഡല്‍ ഓഫിസറായി നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പനി സംബന്ധമായ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേകം റെക്കോര്‍ഡ് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. മഴക്കാലം കഴിയുന്നത് വരെ ക്ലാസ് മുറികള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണമെന്നും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരുടെ ആരോഗ്യ നില കൃത്യമായി നിരീക്ഷണമെന്നും വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ നിര്‍ദേശിച്ചു.
ശമനമില്ലാതെ പകര്‍ച്ചപ്പനി: സംസ്ഥാനത്തെ പകര്‍ച്ചപ്പനി ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ (ജൂണ്‍ 22) ഏകദേശം 15,000 പേര്‍ ബാധിച്ച് പനി ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് (ജൂണ്‍ 23) രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പകര്‍ച്ചപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരുന്ന പശ്ചാത്തലത്തില്‍ വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.