തിരുവനന്തപുരം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ വള്ളങ്ങളിൽ നിന്നും ലൈറ്റുകളും മറ്റു ഉപകരണങ്ങളും മറൈൻ എൻഫോഴ്‌സ്‌മെന്‍റ് പിടിച്ചെടുത്തു. കടലിൽ വർക്കല മുതൽ വലിയ തുറ വരെയുള്ള ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവ പിടിച്ചെടുത്തത്. നിയമം മൂലം നിരോധിച്ച തീവ്രത ഏറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതായി ഫിഷറീസ് ഡയറക്‌ടർ ലത ഐഎഎസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മറൈൻ എൻഫോഴ്സ്മെന്‍റ് പൊലീസ് സൂപ്രണ്ട് ജെ.കിഷോർ കുമാറിന്‍റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി വിഴിഞ്ഞം, നീണ്ടകര, മറൈൻ എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റുകൾ സംയുകതമായി വർക്കല മുതൽ വലിയതുറ വരെയുള്ള ഭാഗങ്ങളിൽ കടലിൽ രാത്രി നടത്തിയ പരിശോധനയിലാണ് ലൈറ്റുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തത്. അഞ്ചുതെങ്, മരിയനാട് ഭാഗങ്ങളിൽ നിന്നാണ് ഇവ കൂടുതലും പിടിച്ചെടുത്തത്. രണ്ട് പൊങ്ങുകളും 25 എൽഇഡി ലൈറ്റുകളും മൂന്ന് ബാറ്ററികളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുളള പരിശോധനകൾ കർശനമാക്കുമെന്നും നിയമലംഘനം നടത്തുന്ന വള്ളങ്ങളുടെ ഉടമസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മറൈൻ എൻഫോഴ്സ്മെന്‍റ് പൊലീസ് സൂപ്രണ്ട് കിഷോർ കുമാർ അറിയിച്ചു.