തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ചട്ടവിരുദ്ധമായി നിരവധി പേർ ജയിലില്‍ സന്ദർശിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഫെ പോസെ നിയമ പ്രകാരം ജയിൽ കഴിയുന്നവരെ സന്ദർശിക്കാൻ കസ്റ്റംസിൻ്റെ മുൻകൂർ അനുമതി വേണം. എന്നാൽ ഈ നിയമം പാലിക്കാതെയാണ് നിരവധി പേർ അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്‌നയെ കാണുന്നത്. മുഖ്യമന്ത്രിയുടെയും തോമസ് ഐസക്കിന്‍റെയും ദൂതൻമാരാണ് ജയിൽ എത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്‌നയെ ആദ്യ ദിവസം 15 പേർ സന്ദർശിച്ചു. നൂറിലധികം പേർ ഇതുവരെ സന്ദർശിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നടപടിക്ക് ജയിൽ അധികൃതർ ഒത്താശ ചെയ്യുകയാണ്. ജയിലിൽ ഒരു രജിസ്റ്ററും സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.