തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
അനര്‍ഹരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും ധനമന്ത്രി പറഞ്ഞു. അനര്‍ഹമായി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും. അതോടൊപ്പം സംസ്ഥാനത്ത് രണ്ട് മാസമായി വിതരണം ചെയ്യാതിരുന്ന ക്ഷേമ പെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ നല്‍കി തുടങ്ങും. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് ഒന്നിച്ച് വിതരണം ചെയ്യുക. ഡിസംബര്‍ മാസത്തിലെ പെന്‍ഷന്‍ തുക മാസാവസാനവും വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്.