തിരുവനന്തപുരം: അനന്തപുരിയിലെ രാത്രി ആഘോഷങ്ങൾക്കായി ഇനി മറ്റെവിടേക്കും പോവണ്ട, മാനവീയം വീഥി വൈബാണ്. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാവാൻ പോകുന്ന മാനവീയത്തിപ്പോൾ രാത്രിയിൽ തുടങ്ങി പുലർച്ച വരെ ആഘോഷങ്ങളാണ്. നവംബർ ഒന്നിനാണ് നൈറ്റ് ലൈഫ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനമെങ്കിലും ആട്ടവും പാട്ടുമായി എത്തുന്നവർ മുതൽ ഒറ്റയ്ക്കിരുന്ന് ചിത്രം വരക്കാൻ വരെ മാനവിയത്ത് ഇപ്പോൾ സൗകര്യമുണ്ട്. സുരക്ഷയ്ക്കായി പുലർച്ചെ വരെ പൊലീസുകാരും ഉണ്ട്.
കോർപ്പറേഷനും വിനോദ സഞ്ചാര വകുപ്പിനുമാണ് പരിപാലന ചുമതല. നീണ്ട കാത്തിരിപ്പിനു ശേഷം അടുത്തിടെയാണ് മാനവീയം വീഥിയുടെ പണി പൂർത്തീകരിച്ചത്. പുലർച്ച വരെ നീണ്ടു നിൽക്കുന്ന ദീപലങ്കാരങ്ങൾക്കിടയിലൂടെ കൂട്ടുകാർക്കൊപ്പം വിശേഷങ്ങൾ പറയാനും പ്രിയപ്പെട്ടവരുടെ പിറന്നാളാഘോഷിക്കാനും ഡേ ഷിഫ്റ്റിലെ സമ്മർദ്ദം കുറച്ച് പങ്കാളിക്കൊപ്പം സമയം ചെലവിടാനടക്കം നിരവധിയാളുകളാണ് മാനവീയത്തേക്ക് എത്തുന്നത്. ഇവിടേക്ക് എത്തുന്നവരെ വരവേൽക്കാൻ നിരവധി ഭക്ഷണ സ്റ്റാളുകളും റെഡിയാണ്.
സിനിമ പ്രൊമോഷനായും പരിപാടികളുടെ പ്രചരണത്തിന് എത്തുന്നവർക്കും മാനവീയത്ത് സൗകര്യമുണ്ട്. വാണിജ്യരീതിയിലുള്ള പരിപാടികള്‍ അവതരിപ്പിക്കാന്‍ നഗരസഭ നിരക്ക് ഈടാക്കും. വൃത്തിയോടും സുരക്ഷയോടും മാനവീയത്തെ കാക്കാൻ സിസിടിവി കാമറകളടക്കം വിവിധ സജ്ജീകാരണങ്ങളാണ് ഇവിടെ നടക്കുന്നത്.
ഉത്ഘാടനത്തിന് മുൻപ് കൂടുതൽ ഇരിപ്പിടങ്ങളും ചുമർ ചിത്രങ്ങളും ഭക്ഷണ സ്റ്റാളുകളും വന്നേക്കും. മാനവിയത്തെത്തുന്ന വർക്ക് പാർക്കിംഗ് സൗകര്യത്തിനായി ഒരിടം കൂടി കണ്ടെത്തണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.