തിരുവന്തപുരം: സർവീസിൽ നിന്ന് വിരമിച്ചിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ 57കാരൻ മണ്ണുതിന്ന് പ്രതിഷേധിച്ചു. കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്കൽ സെക്ഷനിൽ ജോലി നോക്കുകയായിരുന്ന അവണാകുഴി വത്സലൻ എന്നയാളാണ് മണ്ണുതിന്ന് പ്രതിഷേധിച്ചത്.
2020 മെയിലാണ് ഇയാൾ സർവീസിൽ നിന്ന് വിരമിച്ചത്. എന്നാൽ വിരമിച്ച ശേഷം നാളിതുവരെ വരെ ഒരു ആനുകൂല്യങ്ങളും കോർപ്പറേഷൻ നൽകാൻ തയാറാകാത്തതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയായിരുന്നു. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ മണ്ണ് കഴിച്ചാണ് അവണാകുഴി വത്സലൻ പ്രതിഷേധം രേഖപ്പെടുത്തിയത്.
ALSO READ: കൊവിഡ് മരണം; ധനസഹായത്തിന് അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് സജ്ജം
വിദ്യാർഥികളായ രണ്ടു പെൺമക്കൾ അടങ്ങുന്ന വത്സലന്‍റെ കുടുംബത്തിലെ ആകെ വരുമാനവും പ്രതീക്ഷയും കോർപ്പറേഷനിൽ നിന്ന് കിട്ടിയ വരുമാനം മാത്രമായിരുന്നു. എന്നാൽ ഇത് നിലച്ചതോടെ ജീവിതം ദുരിതത്തിൽ ആണെന്ന് വത്സലൻ പറയുന്നു. പ്രമേഹരോഗിയായ വത്സലന്‍റെ രണ്ട് വിരലുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.