തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ടാക്രമണത്തിൽ യുവാവിന് മരണം. തിരുവനന്തപുരത്ത് ജനക്കൂട്ടം നോക്കി നില്‍ക്കെ മോഷണകുറ്റം ആരോപിച്ചാണ് യുവാവിനെ സംഘം മര്‍ദിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയായ വണ്ടിത്തടം സ്വദേശി അജേഷ് രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഓട്ടോഡ്രൈവര്‍മാരടക്കമുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് തമ്പാനൂരില്‍ നിന്നും മലപ്പുറം സ്വദേശിയുടെ പേഴ്‌സും മൊബൈല്‍ഫോണും മോഷ്ടിച്ചുവെന്നാരോപിച്ച് അജേഷിനെ സംഘം മർദിച്ചത്. തിരുവല്ലത്തിനു സമീപം വണ്ടിത്തടം ജങ്ഷനിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
കിഴക്കേകോട്ടയിലെ ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള സംഘം അജേഷിന്‍റെ വീട്ടിലെത്തുകയും അവിടെ മൊബൈല്‍ ഫോണും പേഴ്‌സും കണ്ടെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഇത് ലഭിക്കാതായതോടെ അജേഷിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി വണ്ടിത്തടം ജങ്ഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം അരങ്ങേറിയത്. കമ്പുകൊണ്ട് മർദിച്ച് അവശനാക്കിയ ശേഷം വെട്ടുകത്തി ചൂടാക്കി വയറ്റിലും ജനന്ദ്രേിയത്തിലും പൊള്ളലേല്‍പ്പിച്ചുവെന്നും തിരുവല്ലം പൊലീസ് പറഞ്ഞു. തുടര്‍ന്ന് അജേഷിനെ സമീപത്തെ വയലില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ അജേഷിന്റെ സമീപവാസിയുള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിനേഷ് വര്‍ഗീസ്, ഷിഹാബുദീന്‍, സാജന്‍, കുഞ്ഞുമോന്‍, അരുണ്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റൊരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.