തിരുവനന്തപുരം : നെടുമങ്ങാട് താന്നിമൂട്ടിൽ വഴിത്തർക്കത്തെ തുടർന്ന് ദമ്പതികളുടെ ആക്രമണത്തിൽ യുവാവ് തലക്കടിയേറ്റ് മരിച്ചു. താന്നിമൂട് സ്വദേശി സജി (47) ആണ് മരിച്ചത്. സമീപവാസിയായ ബാബു, ഭാര്യ റേച്ചൽ എന്നിവരാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടർന്ന് സജിയും ബാബുവും സംഘർഷത്തിലേർപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു. തർക്കത്തിനിടെ ബാബുവിന്‍റെ ഭാര്യ സജിയെ കമ്പ് കൊണ്ട് അടിച്ചു. ബാബു കല്ല് കൊണ്ടും തലയ്ക്ക് പ്രഹരിച്ചു.
ബോധം നഷ്ടപ്പെട്ട സജിയെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. നിലവിൽ പ്രതികൾ ഒളിവിലാണ്.