തിരുവനന്തപുരം: ഹെൽമെറ്റ് കൊണ്ട് തലക്കടിയേറ്റ മലയിങ്കാവ് സ്വദേശി ശാന്തകുമാർ (48) മരിച്ചു. പഴയ സുഹൃത്തും മലയങ്കാവ് സ്വദേശിയുമായ അക്കാനി മണിയനായിരുന്നു ശാന്തകുമാറിനെ ആക്രമിച്ചത്. ഈ കഴിഞ്ഞ ശനിയാഴ്‌ച (ജൂണ്‍ 3) ആയിരുന്നു അക്കാനി മണിയന്‍ ശാന്തകുമാറിനെ ആക്രമിച്ചത്.
പരിക്കേറ്റ ശാന്തകുമാർ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ശാന്തകുമാറിന്‍റെ സഹോദരനെ നേരത്തെ അക്കാനി മണിയന്‍ ഉപദ്രവിച്ചിരുന്നു.
ഇത് ചോദിക്കാൻ ചെന്നതായിരുന്നു ശാന്തകുമാർ. എന്നാൽ ശാന്തകുമാറും അക്കാനി മണിയനും തമ്മിൽ തർക്കം ഉണ്ടാവുകയും ശാന്തകുമാറിനെ ആക്രമിക്കുകയും ആയിരുന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ദേഹോപദ്രവം, കൊലപാതകം എന്നീ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ശാന്തകുമാറിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചു കൊന്നു: ടോൾ പ്ലാസ ജീവനക്കാരനെ നാല് യുവാക്കള്‍ ചേര്‍ന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന സംഭവം കര്‍ണാടകയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയിൽ ജൂണ്‍ അഞ്ചിന് രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെയിലെ സിക്കെപാല്യ സ്വദേശി പവൻ കുമാർ നായിക്കാണ് (26) മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇയാളുടെ സുഹൃത്തിനും പരിക്കേറ്റിരുന്നു.
രാമനഗരയിലെ ടോള്‍ പ്ലാസയിലെ ബൂം ബാരിയര്‍ ഉയർത്താൻ വൈകിയതിനെ തുറന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. വാക്കേറ്റമുണ്ടായ സമയത്ത് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ശേഷം, ജീവനക്കാരന്‍ ജോലി കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ നിന്നും മടങ്ങി. തുടര്‍ന്ന് ഇയാള്‍ അത്താഴം കഴിക്കാൻ പോയ സമയം സംഘം പിന്തുടര്‍ന്നെത്തി ഹെജ്ജലയ്ക്കടുത്തുവച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ബെംഗളൂരുവില്‍ നിന്നും കാറിലെത്തിയ യുവാക്കളാണെന്നാണ് വിവരം.
Also Read: ഗേറ്റ് തുറക്കാന്‍ വൈകി: ടോൾ പ്ലാസ ജീവനക്കാരനെ ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുകൊന്നു
പെണ്‍കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്ന് 17കാരന്‍: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു ആണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് 17കാരന്‍ കാമുകിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയിരുന്നു. ഹോളി ദിനത്തില്‍ ജാര്‍ഖണ്ഡിലാണ് സംഭവം. ഗോഡ ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പിന്നാലെ ആണ്‍കുട്ടിയെ പൊലീസ് പിടികൂടി.
ഉര്‍ജനഗറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരു ആണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയക്കാറുണ്ടെന്ന് കാമുകന്‍ മനസിലാക്കി. ഇതില്‍ പ്രകോപിതനായ 17കാരന്‍ ഹോളി ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
Also Read: മറ്റൊരാളുമായി ഇന്‍സ്റ്റഗ്രാം ചാറ്റ് ; പെണ്‍സുഹൃത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന് 17കാരന്‍