തിരുവനന്തപുരം : വിതുര മേമലയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി സെൽവരാജിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സ്വകാര്യ പുരയിടത്തിലാണ് സെൽവരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടുമൃഗങ്ങളെ തുരത്താൻ ഉപയോഗിച്ച വൈദ്യുതി ലൈനിൽ തട്ടി മരിച്ച നിലയിലായിരുന്നു. പരിസരവാസികൾക്ക് ഒരറിവും ഇല്ലാത്തതിനെ തുടർന്ന് അജ്ഞാത മൃതദേഹം ആയി പൊലീസ് പരിഗണിക്കവേ സെൽവരാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ജയ മാരായമുട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്‌ച മുതൽ കാണാനില്ലെന്നായിരുന്നു പരാതി.
എന്നാൽ ഇയാൾ എന്തിന് മേമലയിൽ എത്തിയെന്നതിന് വ്യക്തതയില്ല. കളരി അഭ്യാസി കൂടിയായ ഇയാളെ സംഘം ചേർന്ന് ആക്രമിച്ചതാകാമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം വേലിയിൽ വൈദ്യുതി ലൈൻ കൊടുത്ത മേമല സ്വദേശി കുര്യൻ എന്ന സണ്ണിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് സണ്ണിയുടെ പേരിൽ കേസ് എടുത്തു. എന്നാൽ സെൽവരാജ് ഈ ഭാഗത്ത് എങ്ങനെ വന്നു എന്നതിൽ ദുരൂഹത തുടരുന്നുവെന്നും സമീപവാസികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.