തിരുവനന്തപുരം : ഭാര്യയേയും മകനെയും മർദിച്ചയാളെ പിടികൂടാനെത്തിയ പൊലീസിന്‍റെ ജീപ്പിന്‍റെ ചില്ല് അടിച്ചുതകർത്ത് പ്രതി. സംഭവത്തിൽ ബാലരാമപുരം തലയലില്‍ സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മദ്യലഹരിയിലെത്തി ഭാര്യ വിജിതയെയും മകനെയും ആക്രമിക്കാൻ ശ്രമിച്ച സതീഷിനെ പിടികൂടാൻ ബാലരാമപുരം പൊലീസ് സംഘം സതീഷിന്‍റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യ വിജിതയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. മർദനത്തെ തുടർന്ന് അവശനിലയിലായ വിജിതയെ മകൻ അജീഷ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സതീഷ് ഇത് തടഞ്ഞു. തുടർന്ന് അജീഷ് ബാലരാമപുരം പൊലീസിനെ വിവരമറിയിച്ചു. സതീഷിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം വീട്ടിൽ എത്തുമ്പോഴും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു.
പൊലീസിനെ കണ്ട പ്രതി കൂടുതൽ അക്രമാസക്തനായി. വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്ന് തീപടർത്താൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് സതീഷിനെ പൊലീസ് ജീപ്പിൽ കയറ്റിയത്. ജീപ്പിൽ കയറിയ സതീഷ് കൈകൊണ്ട് ജീപ്പിന്‍റെ പിൻവശത്തെ ചില്ല് തകർത്തു.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് സതീഷിനെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ സതീഷിനെതിരെ ഡ്യൂട്ടി തടസപ്പെടുത്തൽ, വാഹനം നശിപ്പിക്കൽ, വീട്ടിൽ അതിക്രമം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വീട്ടുവഴക്ക്, പൊലീസിനെ ആക്രമിച്ചു : കോട്ടയം പാമ്പാടിയിൽ വീട്ടുവഴക്കിനെ തുടർന്ന് യുവതിയെ മർദിച്ചയാളെ പിടികൂടാനെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ജിബിൻ ലോബോയ്‌ക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞത്.
ആക്രമണത്തിൽ പൊലീസുകാരന്‍റെ മൂക്കിനാണ് പരിക്കേറ്റത്. പാമ്പാടി എട്ടാം മൈലിൽ മെയ് 15ന് രാത്രി 10.20നാണ് സംഭവം. ഭർത്താവായ സാം മർദിച്ചതിനെ തുടർന്ന് യുവതി സഹായം തേടി പൊലീസ് സ്റ്റേഷനിൽ വിളിക്കുകയായിരുന്നു. തുടർന്ന് യുവതിയെ രക്ഷിക്കാനായി പൊലീസ് സ്ഥലത്തെത്തിയപ്പോഴായിരുന്നു ആക്രമണം.
പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിൽ എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൊലീസ് മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം ആക്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റ ജിബിനെ ഉടൻ തന്നെ ചികിത്സക്കായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിബിന്‍റെ മൂക്കിന് പൊട്ടലുണ്ട്. കണ്ണിന് മുകളിലായി നാല് സ്റ്റിച്ച് ഉണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
More read : പൊലീസിന് നേരെ പ്രതിയുടെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്
എസ്‌ഐക്ക് നേരെ ആക്രമണം: പൂന്തുറ ഗ്രേഡ് എസ്ഐയെ അഞ്ചംഗ സംഘം മെയ് 14ന് ആക്രമിച്ചിരുന്നു. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിന് നേരെയാണ് ആക്രമണം ഉണ്ടായത്. നൈറ്റ് പട്രോളിങ്ങിനെടെയാണ് ആക്രമണം.
നാല് പേർ അടങ്ങുന്ന പൊലീസ് സംഘത്തിനെയാണ് അഞ്ച് പേർ ആക്രമിച്ചത്. സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്. അഞ്ചംഗ സംഘം ഗ്രേഡ് എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തു എന്നും പൊലീസ് വ്യക്തമാക്കി. പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടം കൂടി നിന്നിടത്ത് പൊലീസ് എത്തിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കൃത്യവിലോപത്തിന് തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.