തിരുവനന്തപുരം : വർഷങ്ങൾക്ക് മുമ്പ് ലവ് ജിഹാദ് ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നുവെന്ന് കലാമണ്ഡലം ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായ്. തൻ്റെ മുത്തശ്ശനും മുത്തശ്ശിയും മാതാപിതാക്കളും വ്യത്യസ്‌ത മത വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിച്ചവരാണ്.അക്കാലത്ത് ലവ് ജിഹാദ് എന്നുപറഞ്ഞ് ആരും വരില്ലായിരുന്നു.
അതിനാലാണ് അവർക്ക് ഒന്നിക്കാൻ സാധിച്ചത്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ലവ് ജിഹാദ് എന്നുപറഞ്ഞ് ഒരു കൂട്ടർ രംഗത്തുവരും. ഇതാണ് വർത്തമാനകാല ഇന്ത്യയിൽ നടക്കുന്നതെന്നും മല്ലിക പറഞ്ഞു. തിരുവനന്തപുരത്ത് ജനാധിപത്യ മഹിള അസോസിയേഷന്‍ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മല്ലിക.
മക്കൾ ആരെ വിവാഹം കഴിക്കണം, കഴിക്കരുതെന്ന് മാതാപിതാക്കൾ ഉപദേശിക്കുന്ന കാലമാണിത്. സാമൂഹിക മാറ്റം കുടുംബത്തിൽ നിന്നുണ്ടാകണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മുടെ കുടുംബങ്ങളിലെ ആൺകുട്ടികളിലും പെൺകുട്ടികളിലും അവബോധം സൃഷ്‌ടിക്കണം.
2000 വർഷങ്ങളായി സ്ത്രീകൾ പുരുഷ മേധാവിത്വത്തിന്‍റെ ക്യാപിറ്റലിസത്തിൻ്റെ ഇരകളാണെന്നും അവര്‍ കൂട്ടിച്ചേർത്തു.