തിരുവനന്തപുരം: തലസ്ഥാനത്ത് ഷോപ്പിങ് മാളുകൾ പ്രവർത്തനം ആരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മാളുകൾ പ്രവർത്തിക്കുന്നത്. മാളുകൾ തുറന്നതോടെ നിരവധി സന്ദർശകരാണ് എത്തിയത്.
തെൽമൽ സ്കാനിങ്ങിന് വിധേയമാക്കിയതിന് ശേഷമാണ് ആളുകളെ മാളിലേക്ക് പ്രവേശിപ്പിക്കുക. സന്ദർശകരുടെ പേരും ഫോൺ നമ്പറും പ്രധാന കവാടത്തിൽ രേഖപ്പെടുത്തും. സന്ദർശകർക്കും ജീവനക്കാർക്കും ആരോഗ്യ സേതു ആപ്പും നിർബന്ധമാണ്. ഒരു സമയം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമാണ് മാളിൽ പ്രവേശനം അനുവദിക്കുക.
എസ്കലേറ്റർ ഉൾപ്പടെ ആളുകൾ സ്പർശിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പ്രധാന കവാടത്തിൽ ഉൾപ്പടെ മാളിന്‍റെ പല ഭാഗങ്ങളിലും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്.