Bichu Thirumala: 'ഒഴുകിയൊഴുകി' ഒടുവിലാ പുഴയ്‌ക്കൊപ്പം യാത്രയായി ബിച്ചു തിരുമല. അതേ, ഒരിക്കല്‍ അദ്ദേഹം കുറിച്ച വരികളില്‍ തന്നെ ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം.
'ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും
ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും'
1980ല്‍ 'കടല്‍കാറ്റ്' എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം രചിച്ച ഈ ഗാനം മലയാളികളുടെ കാതുകള്‍ക്ക് കുളിര്‍മയേകിയത് തെല്ലൊന്നുമല്ല. ഇതുപോലെ നിരവധി ഗാനങ്ങളാണ് മലയാളികളുടെ കാതുകളെ അദ്ദേഹം ഈറനണിയിച്ചത്.
Bichu Thirumala hits : 'രാകേന്ദുകിരണങ്ങള്‍..', 'ഏഴു സ്വരങ്ങളും..', 'തേനും വയമ്പും..', 'പാല്‍ നിലാവിനും' തുടങ്ങീ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്‌ക്കും പ്രേക്ഷകര്‍ക്കും തീര്‍ത്തിരിക്കുന്നത് തീരാ നഷ്‌ടമാണ്.
Bichu Thirumala with ONV Kurup : അന്തരിച്ച പ്രശ്‌ത കവി ഒ.എന്‍.വി കുറുപ്പിനൊപ്പം ചേര്‍ന്ന് അദ്ദേഹം മലയാള സിമിമയ്‌ക്ക് നല്‍കിയത് നിരവധി മനോഹര ഗാനങ്ങള്‍. 1972 മുതല്‍ മലയാള സിനിമയ്‌ക്ക് സമര്‍പ്പിച്ചത് അദ്ദേഹത്തിന്‍റെ 39 വര്‍ഷങ്ങള്‍. ഇക്കാലയളിവില്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അഞ്ഞൂറിലേറെ ഗാനങ്ങള്‍.
Bichu Thirumala childhood : ശാസ്‌തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്‌ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സിജി ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13നാണ് ജനനം. ബി.ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ നാമം.
Bichu Thirumala education : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും അദ്ദേഹം ബിരുദം കരസ്ഥമാക്കി. 1962ല്‍ അന്തര്‍ സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Bichu Thirumala film entry : 1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയുടെ വെള്ളിത്തിരയിലേയ്‌ക്കുള്ള അരങ്ങേറ്റം. 'ഭജ ഗോവിന്ദം' വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആദ്യ രചന തന്നെ പെട്ടിക്കുള്ളിലായി. പിന്നീട് 'സ്‌ത്രീധനം' എന്ന ചിത്രത്തിനായി രചിച്ചതും വെളിച്ചം കണ്ടില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ ആദ്യ റിലീസ് ചിത്രം.
എം.കൃഷ്‌ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതാണ് സിനിമയിലേയ്‌ക്ക് ഗാനമെഴുതാനുള്ള വാതില്‍ അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹം, ശ്യാം, എ.ടി ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേര്‍ന്ന് 1980കളില്‍ വളരെയധികം ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ചു. സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്മാന്‍ മലയാളത്തില്‍ ഈണമിട്ട ഒരേയൊരു ചിത്രം 'യോദ്ധ'യിലെ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
Combos with Bichu Thirumala : ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് ബാബുരാജ്, കെ രാഘവന്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, ശ്യാം, ജയവിജയ, ശങ്കര്‍- ഗണേശ്, കെ ജെ ജോയ്, രവീന്ദ്രന്‍, എസ് പി വെങ്കിടേഷ്, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ഇളയരാജ, എ ആര്‍ റഹ്മാന്‍ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അദ്ദേഹം ആയിരത്തോളം പാട്ടുകളെഴുതി. ശ്യാം, എ ടി ഉമ്മര്‍, ജയവിജയ എന്നിവര്‍ക്കൊപ്പമുളള കൂട്ടുകെട്ട് ശ്രദ്ധേയമാണ്.
Bichu Thirumala achievements : നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. 1981, 1991 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിച്ചുണ്ട്. 'തൃഷ്‌ണ', 'തേനും വയമ്പും' എന്നീ ചിത്രങ്ങള്‍ക്ക് 1981ലും 'കടിഞ്ഞൂല്‍ കല്യാണം' എന്ന ചിത്രത്തിന് 1991ലുമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. കൂടാതെ ക്രിറ്റിക്‌സ് പുരസ്‌കാരം (1981), ഫിലിം ഫാന്‍സ് അവാര്‍ഡ് (1978), സ്‌റ്റാലിയന്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, ശ്രീ ചിത്തിര തിരുന്നാള്‍ അവാര്‍ഡ്, പി.ഭാസ്‌കരന്‍ അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസിന്' വാമദേവന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് സ്വന്തം.
ശ്രോതാക്കളുടെ കാതുകള്‍ക്ക് കുളിര്‍മയേകുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച് യാത്രയായ ബിച്ചു തിരുമല ഇനിയില്ലെങ്കിലും മലയാളികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നുമുണ്ടാകും..