തിരുവനന്തപുരം: പഞ്ഞ മാസമായ കര്‍ക്കടകം പോയി, പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങമാസം എത്തിയിരിക്കുന്നു. മലയാളക്കരയ്‌ക്ക് പുത്തന്‍ പ്രതീക്ഷകളും നിറമാര്‍ന്ന കാഴ്‌ചകളുമായാണ് ചിങ്ങമാസമെത്തുന്നത്. മലയാളികളുടെ പുതുവര്‍ഷ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. ഒപ്പം കാര്‍ഷിക സമൃദ്ധി ഓര്‍മപ്പെടുത്തി കര്‍ഷകദിനം കൂടിയാണ്.
ചിങ്ങം ഒന്ന് പിറന്നാല്‍ പിന്നെ മലയാളിയുടെ ഓണ തയ്യാറെടുപ്പുകള്‍ക്ക് ആരംഭമാകും. ഇത്തവണ ഓഗസ്റ്റ് 20 നാണ് അത്തം ഒന്ന്. അത്തം പത്തായ ഓഗസ്റ്റ് 29 നാണ് തിരുവോണം. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. മലയാള ഭാഷ മാസമെന്ന വിളിപ്പേര് കൂടിയുണ്ട് ചിങ്ങ മാസത്തിന്.
അറുതിയുടെയും വറുതിയുടെയും കർക്കടക മാസ ദുരിതങ്ങൾക്ക് ശേഷമെത്തുന്നുന്ന ചിങ്ങത്തിന് മധുരം കൂടുന്നു. തിരിമുറിയാതെ പെയ്‌ത് കര്‍ക്കടം സമ്മാനിച്ച ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന മാസം. ചിങ്ങമാസം വര്‍ണങ്ങളുടെ മാസം കൂടിയാണ്. മാനം വെളുത്തു തുടങ്ങുന്നതോടെ പാടത്തും പറമ്പിലും പൂവിടുന്ന തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം നിറംചാര്‍ത്തുന്ന ചിങ്ങം. തിരുവോണത്തിനെത്തുന്ന മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ചെടികള്‍ പൂത്തൊരുങ്ങുന്നു എന്നാണ് വാമൊഴി.
തൊടിയില്‍ പൂക്കള്‍ സമൃദ്ധമാകുന്നതിനൊപ്പം പാടത്ത് സ്വര്‍ണ നിറമുള്ള കതിരുമായി നെല്‍ച്ചെടികളും തലപൊക്കി തുടങ്ങും. സമൃദ്ധിയുടെ വരവറിയിച്ച് പ്രകൃതിയും മനുഷ്യനൊപ്പം കൂടുന്ന അസുലഭ സമയമാണ് ചിങ്ങം പിറക്കുന്നതോടെ വന്നെത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ ചിങ്ങത്തിന് പഴമയുടെ മാറ്റ് ഇല്ല എന്നുവേണം പറയാന്‍. പാടങ്ങളും കാര്‍ഷിക സംസ്‌കാരവും അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. മഴക്കെടുതിയുടെ മാസമായാണ് ചിങ്ങത്തിന് മുമ്പുള്ള കർക്കടക മാസത്തെ സാധാരണ വിലയിരുത്തുന്നത്. എന്നാൽ മാറിയ കാലാവസ്ഥ സാഹചര്യത്തിൽ അടുത്ത കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച കർക്കടകമാണ് കടന്നു പോയത്.
വിളവെടുപ്പിന്‍റേതെന്ന് അറിയപ്പെട്ടിരുന്ന ചിങ്ങ മാസത്തിൽ സദ്യ സമൃദ്ധമാകാൻ ഇന്ന് അന്യ സംസ്ഥാനത്ത് നിന്നും പച്ചക്കറി, പലവ്യഞ്ജന ലോറികളെ കേരളത്തിലേക്കെത്തണം. കൊവിഡ് മഹാമാരിയും പ്രളയവും കോറിയിട്ട മുറിവുകള്‍ ഉണങ്ങി തുടങ്ങിയെങ്കിലും കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കര്‍ഷകരെ തെല്ലൊന്നുമല്ല അലട്ടുന്നത്. വിളകളുടെ വിലയിടിവും അവശ്യ വസ്‌തുക്കളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും മറ്റും വില വര്‍ധിച്ചതും കാര്‍ഷിക ജീവിതത്തിന്‍റെ നിറം മങ്ങാന്‍ ഇടയായി. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഠിച്ച മലയാളിക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത് ഓണമുണ്ണണമെന്ന ഇച്ഛാശക്തിയാണ് ചിങ്ങ മാസം നൽകുന്ന ഊർജം.