തിരുവനന്തപുരം: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്കായി പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ച നവജാത ശിശുവിന്‍റെ ശസ്ത്രക്രിയ നടത്തിയില്ല. കുഞ്ഞിനെ തിരികെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ താല്‍പര്യപ്രകാരമാണ് കുഞ്ഞിനെ തിരികെ കൊണ്ടുപോയത്. ശ്രീചിത്രയിൽ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാർ അറിയിച്ചുവെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്നാണ് കുഞ്ഞിനെ തിരികെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന തീരുമാനമെടുത്തത്. കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആംബുലന്‍സില്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് കുഞ്ഞിനെ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനാണ്. തൃശൂരിൽ നിന്നെത്തിയ ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന ആംബുലൻസിലാണ് കുട്ടിയെ എത്തിച്ചത്.