തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് നടി മാല പാർവതി രാജിവച്ചു. വിജയ് ബാബു അമ്മയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റിയിൽ നിന്ന് സ്വമേധയാ ഒഴിയുന്നുവെന്ന് കാട്ടി നൽകിയ കത്ത് സംഘടന സ്വീകരിച്ചിരുന്നു. വിജയ് ബാബുവിനോട് രാജി വയ്ക്കാൻ അമ്മ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ രാജി വയ്ക്കില്ലായിരുന്നുവെന്ന് മാല പാർവതി പറഞ്ഞു.
അതേസമയം മാല പാർവതി അമ്മ അംഗത്വത്തിൽ തുടരും. ഇവർക്കു പിന്നാലെ നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി നൽകുമെന്നാണ് സൂചന. വിജയ് ബാബു അമ്മയിൽ നിന്ന് സ്വമേധയാ രാജിവച്ചതിനെ അച്ചടക്ക നടപടിയായി കണക്കാക്കാനാകില്ലെന്നും ഇരയുടെ പേര് പറഞ്ഞതിൽ കർശന നടപടി സ്വീകരിക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.
വിജയ് ബാബുവിനെ അമ്മയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് മാറ്റണമെന്നാണ് ഐസിസി ശുപാർശ നൽകിയത്. നടപടി ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നടപടിയുണ്ടായില്ല. ഇത് സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശമാണെന്ന് മാല പാർവതി പറഞ്ഞു.
Also Read ലൈംഗിക പീഡന ആരോപണം: വിജയ് ബാബുവിനെ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി