ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. ദുര്‍ഭരണം കൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജനങ്ങളാല്‍ വെറുത്ത സര്‍ക്കാരാണ് കേരളത്തില്‍. ആ ജനവിരുദ്ധതക്കെതിരായ വിധിയെഴുത്തായി ഈ ഉപതെരഞ്ഞെടുപ്പ് മാറുമെന്നും ചെന്നിത്തല കാസര്‍കോട്ട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു പ്രതീക്ഷയും ഉണ്ടാവാൻ സാധ്യതയില്ലെന്നും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പാണക്കാട് തങ്ങൾ സമയമാകുമ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റിങ്ങല്‍ എം.പി അടൂർ പ്രകാശും കോന്നി മണ്ഡലത്തില്‍ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് പറഞ്ഞു. കോന്നിയില്‍ വിജയ സാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിൽ പ്രധാനമെന്നും സ്ഥാനാർഥിയെ കെ.പി.സി.സി നേതൃത്വം തീരുമാനിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപി ക്ക് കഴിഞ്ഞ തവണത്തെ വോട്ട് ലഭിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഈ രണ്ടു മണ്ഡലങ്ങളിലാണ് ബിജെപിക്ക് കുറച്ചെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുക, എന്നാൽ അത് വോട്ടാകില്ലെന്നും മജീദ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരത്ത് ലീഗ് മികച്ച സ്ഥാനാർത്ഥിയെ നിർത്തും. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞ മജീദ് ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ കൂടിയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.