തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ പിടിച്ചു നിർത്താൻ കഴിഞ്ഞത് ആശ്വാസകരമായ വസ്‌തുതയാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിൻ്റെ മികവാണ് ഇത് സൂചിപ്പിക്കുന്നത്. ഒടുവിൽ പുറത്തുവന്ന സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1,332 പേരാണ്. 0.34 ശതമാനമാണ് കൊവിഡ് മരണ നിരക്ക് (കേസ് ഫെറ്റാലിറ്റി റേഷ്യോ). അതേസമയം രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1.5 ശതമാനമാണ്.
സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിൽ 72 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവരാണെന്നതാണ് വസ്‌തുത. 1,332 കൊവിഡ് മരണങ്ങളിൽ 946 പേരും അറുപത് വയസിന് മുകളിലുള്ളവർ. 41-59 പ്രായപരിധിയിൽ 305 പേരും 18-40 പ്രായപരിധിയിൽ 55 പേരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. 17ന് താഴെയുള്ള അഞ്ച് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങളുടെ കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 387 പേർ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കുറവ് മരണങ്ങൾ ഇടുക്കിയിലാണ്. 60 വയസിനു മുകളിലുള്ളവരുടെ കാര്യത്തിൽ വേണ്ട ജാഗ്രതയുടെ പ്രാധാന്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.