തിരുവനന്തപുരം: സര്‍ക്കാരുമായി നടത്തിയ ചർച്ചയിൽ പ്രധാന ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെ സമരം തുടരാൻ ഉറച്ച് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. ഏഴ് ആവശ്യങ്ങളാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിൽ തൊഴിലാളികൾ ഉന്നയിച്ചത്. ഇതിൽ തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കുക എന്ന പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
മണ്ണെണ്ണ സബ്‌സിഡിയുടെ കാര്യത്തിലും തീരുമാനമുണ്ടായില്ല. ഇതോടെ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം മത്സ്യത്തൊഴിലാളികൾ തുടരുകയാണ്. തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികളെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്ത് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് ഇന്നലെ തൊഴിലാളികൾ എത്തിയിരുന്നു.
ഇതോടെ പ്രക്ഷോഭത്തിൻ്റെ തീവ്രത ബോധ്യപ്പെട്ട സർക്കാർ ലത്തീൻ അതിരൂപത ഭാരവാഹികളും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി അടിയന്തര ചർച്ച നടത്തി. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ ആണ് ചർച്ച നടത്തിയത്. തീരശോഷണത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് വാടക ഒഴിവാക്കി താൽക്കാലിക താമസ സൗകര്യം, മതിയായ നഷ്‌ടപരിഹാരം നൽകിയുള്ള പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം, മുതലപ്പൊഴി മത്സ്യബന്ധനം യോഗ്യമാക്കൽ, തീരശോഷണം ബാധിക്കുന്ന എല്ലാ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.
Also Read 'മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കില്ല': മന്ത്രി വി.അബ്‌ദുറഹ്മാന്‍