തിരുവനന്തപുരം: സമൂഹത്തിന്‍റെ എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചാണ് കൊവിഡ് കാലം കടന്നു പോകുന്നത്. എന്നാല്‍ മഹാമാരിക്കാലത്ത് സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായത് മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ്. 2019-20 സാമ്പത്തിക വർഷത്തേക്കാൾ ഒരു കോടിയോളം അധിക തൊഴിൽ ദിനങ്ങളാണ് കൊവിഡ് പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണിലും തൊഴിലുറപ്പ് പദ്ധതി വഴി സംസ്ഥാനത്ത് സൃഷ്ടിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴില്‍ ദിനങ്ങൾ സൃഷ്ടിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 77 ലക്ഷം. 75,645 കുടുംബങ്ങൾ നൂറ് തൊഴിൽ ദിനങ്ങൾ നൽകാനായതാണ് മികച്ച നേട്ടം. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും നിർത്തി വെച്ചിരുന്നു. അതിനിടയിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. പിന്നാലെ ഇളവുകൾ വന്നതോടെ ഏപ്രിൽ അവസാനത്തോടെയാണ് ജോലികൾ പുനരാരംഭിക്കുന്നത്. കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ജോലികൾ ആരംഭിച്ചത്. 8.67 ലക്ഷം കുടുംബങ്ങൾക്കാണ് ഏപ്രിൽ മുതൽ ജൂൺ 30 വരെ തൊഴിൽ നൽകിയത്. കൊവിഡ് രോഗ നിരക്ക് ഉയർന്ന ഈ മാസങ്ങളിൽ തൊഴിൽ ദിനങ്ങൾ കുറവായിരുന്നു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഇളവുകൾ വന്ന ശേഷം വലിയ വർധനവാണ് ഉണ്ടായത്. നേരത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരാണ് കൂടുതലായി തൊഴിലുറപ്പ് ജോലികൾക്ക് പോയിരുന്നതെങ്കിൽ ലോക്ക് ഡൗണിന് ശേഷം ചെറുപ്പക്കാരും കൂടുതലായി എത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതി നൽകിയ ആശ്വാസം ചെറുതല്ലെന്ന് തൊഴിലാളികളും പറയുന്നു. അതേ സമയം തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 150 ആയി ഉയർത്തണമെന്നും കൂലി വർധിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കാട് വെട്ടി തെളിക്കൽ പോലുള്ള സാധാരണ ജോലികൾക്ക് പകരം വ്യക്തികൾക്ക് ഉപകാര പ്രദമായ രീതിയിൽ തൊഴില്‍ മേഖല പരിഷ്‌കരിക്കുകയാണ് തൊഴിലുറപ്പ് പദ്ധതി. സുഭിക്ഷ കേരളം പദ്ധതി, ശുചിത്വ കേരളം പദ്ധതി തുടങ്ങിയവയുടെ കീഴിലാണ് ഈ പ്രവർത്തനങ്ങൾ. തൊഴിലാളികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകാനുള്ള പരിപാടികളും സംസ്ഥാന എം.എൻ.ആർ.ഇ.ജി മിഷന്‍റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വിവിധ ജില്ലകളിലായി ഇത്തരത്തിൽ 2,800 പേർക്ക് പരിശീലനം നൽകി കഴിഞ്ഞു.