തിരുവനന്തപുരം: ഇന്ന് മഹാശിവരാത്രി. കൊവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന ശിവരാത്രിയ്ക്കായി ഭക്തർ തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ എത്തിത്തുടങ്ങി. തലസ്ഥാനത്തെ പ്രധാന മഹാദേവക്ഷേത്രങ്ങളിലെല്ലാംതന്നെ ഇന്ന് പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ്. വിഴിഞ്ഞത്തെ പ്രശസ്‌തമായ ആഴിമല ശിവക്ഷേത്രത്തിലും ഭക്തജനങ്ങൾ ഇന്ന് പുലർച്ചെ മുതൽ എത്തിത്തുടങ്ങി.
58 അടി ഉയരമുള്ള പരമശിവൻ്റെ കൂറ്റൻ ശിൽപ്പമാണ് തിരുവനന്തപുരത്തെ ആഴിമലയിലെ മഹാദേവ ക്ഷേത്രത്തിൻ്റെ പ്രത്യേകത. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആഴിമല ശിവക്ഷേത്രത്തിൽ രാവിലെ 10.30ന് സമൂഹ പൊങ്കാല ആരംഭിച്ചു. പുലർച്ചെ 5 മണിക്ക് നിർമാല്യത്തോടെയാണ് ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ആരംഭിച്ചത്. രാവിലെ 10ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ശിവരാത്രി മഹോത്സവം ഉദ്‌ഘാടനം ചെയ്‌തു.
രാത്രി 7 മണിക്ക് ഇവിടെ ശിവരാത്രി സമ്മേളനം നടക്കും. രാത്രി 11.30ന് ശ്രീ ദുർഗ്ഗ നില ചുള്ളൻസ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, മെഗാനൈറ്റ് 2023 എന്നീ പ്രത്യേക പരിപാടികളും നടക്കും. പൊങ്കാലയ്ക്ക് ക്ഷേത്രത്തിൽ എത്തുന്നതിനും ഉച്ചയ്ക്ക് അന്നദാനത്തിൽ പങ്കെടുക്കുന്നതിനുമായി കെഎസ്ആർടിസിയുടെ സ്പെഷല്‍ ബസ് സർവീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമായ ശിവാലയ ഓട്ടവും പ്രത്യകതയാണ്. ശിവാലയ ഓട്ടത്തിൻ്റെ ഭാഗമായും നിരവധി ഭക്തജനങ്ങളാണ് ആഴിമല ശിവക്ഷേത്രത്തിലും തിരുവനന്തപുരത്തെ മറ്റൊരു പ്രധാന ശിവക്ഷേത്രമായ ശ്രീകണ്ഡേശ്വരം ക്ഷേത്രത്തിലും എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർ ഭജന നടത്തി അന്നദാനത്തിലും പങ്കെടുത്ത ശേഷമാണ് മടങ്ങുന്നത്.