തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം മാനേജ്മെന്‍റ്. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ.അബ്‌ദുറഹ്‌മാന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ഗൾഫ് മേഖലകളിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണകൂടത്തിന് കെ.ടി ജലീൽ കത്തയച്ചെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.
ജലീൽ കത്തയച്ച വിവരം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ജലീലുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ഒ.അബ്‌ദുറ്‌മാൻ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ വിദേശ രാജ്യത്തെ അധികാരികൾക്ക് കത്തയക്കുന്നത് പ്രോട്ടോകോൾ ലംഘനവും ഭരണഘടന വിരുദ്ധവുമാണ്. കത്തിന്‍റെ പകർപ്പും വാട്‌സ്ആപ്പ് ചാറ്റും സ്വപ്‌ന സുരേഷ് നേരത്തെ പുറത്തുവിട്ടിരുന്നു. കൊവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ ചിത്രം അടക്കം പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെതിരെ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്‍റെ നിജസ്ഥിതി അറിയാൻ ഒരു വാട്‌സ്ആപ്പ് സന്ദേശം അന്നത്തെ കോൺസുൽ ജനറലിന്‍റെ പിഎക്ക് അയച്ചു, പത്രം നിരോധിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നുമാണ് ജലീലിന്‍റെ വിശദീകരണം.