തിരുവനന്തപുരം: എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും സുപ്രീംകോടതിയുടെ പുനപരിശോധന വിധി നടപ്പാക്കുകയെന്ന് മുതിര്‍ന്ന സി.പി.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബി. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിന് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ശബരിമലയില്‍ സുഗമമായി ദര്‍ശനം നടക്കുന്നുണ്ടെന്നും വിധി വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ഇപ്പോള്‍ തിരക്കു കൂട്ടുന്ന ബി.ജെ.പിക്കും കോണ്‍ഗ്രസിനും മറ്റെന്തോ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്ത സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം പിന്‍വലിക്കുമോ എന്ന ചോദ്യം അപ്രസക്തമാണ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലവും വാദപ്രതിവാദങ്ങളും കണക്കിലെടുത്താണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അത് പുനപരിശോധിക്കാനിരിക്കെ പുതിയ സത്യവാങ്മൂലത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ധന വിലവര്‍ധനവ് ചര്‍ച്ചയാകാതിരിക്കാനാണ് ബി.ജെ.പി ശബരിമല വിഷയം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് വഴിവച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോഴാണെന്നും ഇത് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇത്തരം കുരുട്ടു വിദ്യകളുമായി ഇവര്‍ ഇറങ്ങിയിരിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു.